Saturday, February 14, 2009

പിണറായി 24 'കാരാട്ട്‌' ഗോള്‍ഡ്‌ (ഒമ്പതാം പ്രതി പാര്‍ട്ടി ?)

"...... തൊഴിലാളി വര്‍ഗ്ഗത്തേയും അധ്വാനിക്കുന്ന ബഹുജനങ്ങളേയും രാജ്യത്തേയും നിസ്വാര്‍ഥമായി സേവിക്കുകയും എല്ലായ്‌പോഴും പാര്‍ട്ടിയുടേയും ജനങ്ങളുടേയും താത്‌പര്യങ്ങളെ സ്വന്തം താത്‌പര്യങ്ങള്‍ക്ക്‌ ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്‌". (പാര്‍ട്ടി പ്രതിജ്ഞ)

പാര്‍ട്ടി പ്രതിജ്ഞ ചൊല്ലി പോരാളിയായ ഒരു കമ്മ്യൂണിസ്‌റ്റുകാരനും പിണറായിയെ കുറ്റപ്പെടുത്താനാകാത്തത്‌ മുകളില്‍ പറഞ്ഞ പ്രതിജ്ഞയുടെ അവസാനത്തെ വരികളില്‍ അത്രയേറെ വിശ്വാസമുള്ളതുകൊണ്ടാണ്‌. കേരളം മുഴുവന്‍ സാധാരണക്കാര്‍ വലിയൊരു ഭൂരിപക്ഷമായ പാര്‍ട്ടിയുടെ യാത്രയില്‍ നാടെങ്ങും ആഘോഷമായി മാറിയതും ആരോപണങ്ങളേറ്റ്‌ പുളയുന്ന സഖാവ്‌ പിണറായിയെ നെഞ്ചോട്‌ ചേര്‍ത്തതും ഇക്കാരണത്താല്‍ തന്നെയാണ്‌. പിണറായി സ്വന്തം പോക്കറ്റിലേക്ക്‌ ചില്ലിക്കാശു വാങ്ങിയില്ലെന്നു വേണം വിശ്വസിക്കാന്‍. സഖാവ്‌ കാരാട്ട്‌ അങ്ങനെയല്ലേ പറഞ്ഞത്‌. പാര്‍ട്ടിയുടെ സമ്മതത്തോടെയാണ്‌ എല്ലാ വിക്രിയകളും ഒപ്പിച്ചതെന്ന്‌.

ഫെബ്രുവരി പതിനാലിന്റെ നിര്‍ണ്ണായക പി ബി യോഗം കഴിഞ്ഞു. സി ബി ഐ കേസില്‍ ഒമ്പതാം പ്രതിയാക്കിയെന്ന്‌ കേരളത്തിലെ ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ച പാര്‍ട്ടി സെക്രട്ടറി പിണറായ വിജയന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു പോന്നു, ഒരു പോറല്‍ പോലും ഏല്‍ക്കാതെ, ലോകം നാളെ രാവിലെ മുതല്‍ നന്നായിരിക്കുമെന്ന്‌ ആണയിട്ടു ഡല്‍ഹിക്കുപോയ സൂപ്പര്‍സഖാവ്‌ വി എസ്‌ അച്യുതാനന്ദര്‍ ഒന്നും മിണ്ടാതെ തിരിച്ചു വിമാനം കയറി.

സഖാവ്‌ കാരാട്ട്‌ പറഞ്ഞത്‌ പാര്‍ട്ടിയുടെ അനുമതിയോടെയാണ്‌ എസ്‌ എന്‍ സി ലാവ്‌ലിനുമായുള്ള കരാറില്‍ പിണറായി ഒപ്പിട്ടതെന്ന്‌. മുകളില്‍ പറഞ്ഞപോലെ സ്വന്തം കാര്യത്തേക്കാള്‍ വലിയതാണ്‌ പാര്‍ട്ടിക്കാര്യം എന്നുകണ്ട്‌ കീഴ്‌ വഴക്കങ്ങളെല്ലാം ലംഘിച്ച്‌ ലാവ്‌്‌ലിനുമായി കരാര്‍ ഒപ്പിട്ട പിണറായി വിജയന്‍ 24 'കാരാട്ട്‌' പ്യുവര്‍ സ്വര്‍ണ്ണമാണെന്നും എല്ലാം പാര്‍ട്ടിയറിഞ്ഞാണ്‌ ചെയ്‌തതെന്നും വിളിച്ചു പറഞ്ഞ സ്ഥിതിക്ക്‌ തെറ്റുചെയ്‌തതാര്‌ പാര്‍ട്ടിയോ അതോ പിണറായിയോ ? ടെണ്ടര്‍ വിളിക്കാതെ നടത്തിയ പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പുനരുദ്ധാരണ പദ്ധതിയില്‍ 374.50 കോടി രൂപ വെറുതെ വെള്ളത്തില്‍ കളഞ്ഞുവെന്ന്‌ സി എ ജി പറഞ്ഞതും പിന്നാലെ സി ബി ഐ പ്രതിയാക്കിയതും നമ്മള്‍ പൊതുജനങ്ങള്‍ വിശ്വസിക്കാതിരിക്കണോ? ജനാധിപത്യ ഭരണസംവിധാനങ്ങള്‍ തങ്ങള്‍ക്കുപുല്ലാണ്‌ പാര്‍ട്ടി മേലാളല്‍ പറയുന്നതാണ്‌ വേദവാക്യം എന്നു കരുതാന്‍ പ്രബുദ്ധകേരളത്തിലെ ജനങ്ങള്‍ എല്ലാവരും നിന്നുതരുമെന്ന്‌ തോന്നുന്നില്ല.

ലോകത്തില്‍ വമ്പന്‍ ആസ്‌തിയുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ മുമ്പനാണ്‌ കേരളത്തിലെ പാര്‍ട്ടിയെന്ന്‌ ഏതു കണ്ണൂര്‍ കമ്മ്യൂണിസ്റ്റുകാരനും സമ്മതിക്കും. പട്ടിണിമാറാത്തവന്‍ ഇന്നും ലെവികൊടുത്തുവളര്‍ത്തുന്ന പാര്‍ട്ടിക്ക്‌ സ്വന്തമായി മൂന്നു ചാനലുണ്ട്‌, എയര്‍കണ്ടീഷന്റ്‌ എ കെ ജി സെന്ററുണ്ട്‌, ഉല്ലസിക്കാന്‍ അമ്യൂസ്‌മെന്റ്‌ പാര്‍ക്കുവരെ ഉണ്ട്‌. ധാര്‍മ്മികമായി ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി നാളെ അഴിമതി നടത്തിയെന്നും കോടികള്‍ വെട്ടിച്ചതില്‍ പങ്കുണ്ടെന്നും കോടതി വിധിച്ചാല്‍ ആ പണം അടിച്ചുമാറ്റിയത്‌ പാര്‍ട്ടി ഫണ്ടിലേക്കാണെന്ന്‌ ജെ എന്‍ യു സഖാവ്‌ കാരാട്ട്‌ പ്രസ്‌താവന ഇറക്കുമോ ആവോ ?

പിണറായി സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കാരാട്ടിന്‌ ഒരു ചുക്കും അറിയില്ല എന്ന്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന തന്നെ തെളിവാണ്‌. സി ബി ഐ റിപ്പോര്‍ട്ട്‌ താന്‍ കണ്ടിട്ടില്ലെന്നു പറയുന്നു. തൊട്ടുപിന്നാലെ താന്‍ കാണാത്ത ആ റിപ്പോര്‍ട്ടില്‍ പിണറായി കുറ്റക്കാരനാണെന്ന്‌ ഒരു പ്രസ്‌താവനയെങ്കിലും ചൂണ്ടികാണിക്കാന്‍ പത്രക്കാരെ വെല്ലുവിളിക്കുന്നു. കാണാത്ത റിപ്പോര്‍ട്ടിന്റ ഉള്ളടക്കത്തില്‍ എന്തോ ഒന്ന്‌ ഇല്ലെന്ന്‌ കാരാട്ടിന്‌ എങ്ങിനെ മനസ്സിലായി ?

എം എല്‍ എയോ എം പിയോ ആയിരുന്നെങ്കില്‍ താന്‍ പിണറായിയോട്‌ രാജിവെക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്ന്‌ കാരാട്ട്‌ വീമ്പു പറയുന്നു. ഒരു തെറ്റും ചെയ്യാത്തനാണ്‌ പിണറായിയെന്ന്‌ ഉറപ്പുണ്ടെങ്കില്‍ എന്തിന്‌ അങ്ങനെ പറയണം ? ആരോപണവിധേയന്‍ സ്ഥാനത്ത്‌ തുടരുന്നതിലെ ധാര്‍മ്മികയാണ്‌ വിഷയമെങ്കില്‍ കമ്മ്യൂണിസ്റ്റുകാരന്‌ എല്ലാത്തിനേക്കാളും വലുതായ പാര്‍ട്ടിസെക്രട്ടറി സ്ഥാനമല്ലേ രാജിവെക്കാന്‍ ആദ്യം പറയേണ്ടത്‌ ?

എന്തിനാ അധികം പറയുന്നത്‌ . നമുക്ക്‌ പാര്‍ട്ടിയെക്കുറിച്ച്‌ ഒന്നും അറിയില്ല ഒരു ചുക്കും അറിയില്ല.

ഓഫ്‌ ടോക്ക്‌ : കേരളഹൈക്കോടതി വിധി പ്രകാരം ലാവ്‌ലിന്‍ കേസില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നത്‌ തെറ്റായ കീഴ്‌ വഴക്കമാണ്‌. പ്രോസിക്യൂഷന്‌ അനുമതി നല്‍കേണ്ടത്‌ സര്‍ക്കാരോ ഗവര്‍ണേറാ ആണ്‌. മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. സര്‍ക്കാര്‍ എന്നാല്‍ പിണറായി. തീരുമാനം ഗോവിന്ദ. മൂന്നുമാസം കഴിയുമ്പോഴേക്കും തെരഞ്ഞെടുപ്പു കഴിഞ്ഞിരിക്കും. തെരഞ്ഞെടുപ്പില്‍ പൊട്ടിയാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവെക്കാന്‍ ആവശ്യപ്പെടാം. കേസ്‌ അഭയാകേസ്‌ പൊങ്ങിവന്നപോലെ വീണ്ടും പൊങ്ങിവരാന്‍ ഇനിയും കാലമെടുക്കും. ഇനിയിപ്പോ പൊങ്ങിവന്നാല്‍ തന്നെ അന്നത്തെ വിഎസിന്റെ അവസ്ഥവച്ച്‌ ഒരു കോംപര്‍മൈസോ അല്ലെങ്കില്‍ പി ബി ലൈനില്‍ രണ്ടാളും പുറത്തോ ആവാം. തെറ്റുതിരുത്താന്‍ ഒരുപാട്‌ അവസരങ്ങളുള്ള ഒരു സാധനത്തെയാണല്ലോ ഈ പാര്‍ട്ടി പാര്‍ട്ടി എന്നു പറയുന്നത്‌

ആ ഹാ...
ഓരോ നിമിഷവും എത്രയെത്ര സാധ്യതകള്‍..


******
Press Communique

The Polit Bureau of the Communist Party of India (Marxist) met in New Delhi on February 14. It has issued the following statement:

SNCLavalin Case

The Polit Bureau reiterated its position that the involvement of Com. Pinarayi Vijayan in the SNC Lavalin case is politically motivated. It is unfortunate that the central investigating agency, the CBI, is not immune from political pressure and influence of the ruling party at the Centre.

The decision to go ahead with the SNC Lavalin contract for renovation of three hydroelectric projects was taken up by the LDF government headed by E.K. Nayanar after it was initiated by the earlier Congressled UDF government. The proposal was discussed by the state secretariat of the Party and Pinarayi Vijayan as the minister for electricity implemented the decision.

The CPI(M) has consistently held that any person holding public office should step down if they face prosecution by the CBI. This does not apply to Com. Vijayan as he is not a minister or holding any public office. The Party will fight the case politically and legally if it comes up in court. 


Wednesday, January 07, 2009

ആ പൂച്ച ചത്തു

ഒരു പാതിരാക്ക്‌ തെണ്ടിക്കേറിവന്ന വന്ന പട്ടിക്കുഞ്ഞിന്‌ അപ്പുറത്തെ വീട്ടിലെ മൂത്ത മകളുടെ ഇളയ കുഞ്ഞിന്റെ പേരിട്ടു വളര്‍ത്തിയാണ്‌ കുഞ്ഞിരാമേട്ടന്‍ തന്റെ പാരമ്പര്യ ശത്രുവിനോടുള്ള കണക്കു തീര്‍ത്തത്‌. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഒടുക്കത്തെ ബുദ്ധിമാനാണ്‌. കുരുട്ടു ബുദ്ധിയും ആവശ്യത്തിനുണ്ട്‌ എന്ന്‌ നമുക്കെല്ലാമറിയാമല്ലോ. ബുഷ്‌ തന്റെ പൂച്ചക്ക്‌ ഇന്ത്യ എന്നു തന്നെ പേരിട്ടു. കാരണം പക്ഷേ കുഞ്ഞിരാമേട്ടനു തോന്നിയ വെറുപ്പു മാത്രമായിരുന്നില്ല കേട്ടോ.

അമേരിക്ക ഉണ്ടാക്കിവച്ച അണുബോംബും ആണവ ഇന്ധനവും എവിടെയെങ്കിലും കൊണ്ടു ചെന്ന്‌ ഉപേക്ഷിക്കണമെന്ന്‌ കരുതി നടക്കുമ്പോളാണ്‌ ബുഷ്‌ ഇന്ത്യയെക്കുറിച്ച ഓര്‍ത്തത്‌. യു എസ്‌ എസ്‌ ആര്‍ നാമാവശേഷമായി. ലോകത്തെ മൂന്നു തവണ തകര്‍ക്കാനുള്ള ആണവ വസ്‌തുക്കള്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടിട്ടുണ്ട്‌. ഇന്ത്യയെ സാമന്ത രാജ്യമാക്കിക്കളയാം. തലയില്‍ അഞ്ചു മീറ്റര്‍ നീളമുള്ള സാരി ചുറ്റി നടക്കുന്ന ഒരാളുണ്ട്‌ മന്‍മോഹന്‍ സിംഗ്‌ എന്നാണ്‌ അയാളുടെ പേര്‌. സ്‌നേഹമുള്ളവര്‍ മന്‍മോഹന്‍ ജീ മന്‍മോഹന്‍ ജീ എന്നു വിളിക്കും. അയാളെ പാട്ടിലാക്കിക്കളയാം. നമ്മുടെ സ്വന്തം ബിസിനസ്‌ സ്ഥാപനമായിരുന്ന വേള്‍ഡ്‌ ബാങ്കിലെ പഴയ ശിപായി ആയിരുന്നതുകൊണ്ട്‌ കാര്യങ്ങളെല്ലാം എളുപ്പമാണ്‌. ഉടന്‍ തന്നെ ബുഷ്‌ അയാളെ വിളിച്ചു വരുത്തി രഹസ്യമായി കുറച്ചു ആണവ ഇന്ധനം തരാം എന്നു വാഗ്‌ദാനം ചെയ്‌തു പറഞ്ഞയച്ചു. അന്നു രാത്രി മഹാ അഴിഞ്ഞാട്ടക്കാരികളായ ജെന്നയും ബാര്‍ബേറിയന്‍ സ്വഭാവക്കാരിയായ ബാര്‍ബറയും കഴിച്ച ചിക്കന്‍ ബിരിയാണിയുടെ എല്ല്‌ പൂച്ചയെ തീറ്റിച്ചുകൊണ്ടിരിക്കുമ്പോളാണ്‌ ബുഷ്‌ തന്നെ കൈയഴിഞ്ഞ സഹായിച്ച ഇന്ത്യാക്കാരെ ഓര്‍ത്തത്‌. അങ്ങനെയാണ്‌ പതിനെട്ടാം വയസ്സില്‍ വടിയായ ബുഷിന്റെ പൂച്ചക്ക്‌ ഇന്ത്യ എന്നു പേരു വീണത്‌ എന്നാണ്‌ ഐതിഹ്യം.

ലോകപോലീസായ അമേരിക്കക്കു കണ്ണില്‍ കടിയായി ഇന്ത്യ വളരുന്നതു കണ്ടിട്ടായിരിക്കും എന്ന്‌ ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌ പലരും പറയുന്നുണ്ട്‌. ബുഷിനെ സ്വസ്‌തമായി ഒന്നു മുള്ളാന്‍ പോലും സമ്മതിക്കാതെ ലോകത്തിലെ ഉത്തമപൗരനെന്ന്‌ അഹങ്കരിച്ച്‌ നടക്കുന്ന ചില മലയാളികള്‍ക്കിട്ടൊരു പണികൂടെ കിടക്കട്ടെ എന്നു കരുതിയാണ്‌ ആ പേരിട്ടതെന്നും കേട്ടുകേള്‍വിയുണ്ട്‌.
എന്തൊക്കെയായാലും ആ പൂച്ച ചത്തു.

ഈ വാര്‍ത്ത കൂടെ വായിക്കുക
അമേരിക്കയുടെ 'പ്രഥമ പൂച്ച' ചത്തു
വാഷിംങ്‌ടണ്‍: വൈറ്റ്‌ ഹൗസിലെ അരുമായായി വളര്‍ന്ന അമേരിക്കയുടെ 'പ്രഥമ പൂച്ച' ചത്തു. 
പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ കുടുംബത്തോടൊപ്പം 18 വര്‍ഷം സന്തത സഹചാരിയായിരുന്ന പൂച്ചയാണ്‌ ഇന്നലെ ചത്തത്‌. ഇന്ത്യയെന്നുപേരുള്ള പൂച്ച വിട്ടുപിരിഞ്ഞതില്‍ ബുഷിന്റെ ഭാര്യ ലോറയും മക്കളായ ബാര്‍ബറയും ജന്നയും കടുത്ത മനോവിഷമത്തിലാണ്‌. 
രണ്ടുദശാബ്ദക്കാലമായി തങ്ങളുടെ കുടുംബത്തോടൊപ്പം ജീവിച്ച ഇന്ത്യയുടെ നിര്യാണം കനത്ത നഷ്ടമാണ്‌ കുടുംബത്തിനുണ്ടാക്കിയതെന്ന്‌ ലോറ ബുഷിന്റെ പ്രസ്‌ സെക്രട്ടറി 
സാലി ഡൊണാഫ്‌ പറഞ്ഞു. 
 

Friday, January 02, 2009

സേതുരാമയ്യര്‍ ശരണം

നെറ്റിയില്‍ കുങ്കുമക്കുറിയിട്ട്‌ കൈ പിന്നില്‍ ഫെവീക്കോള്‍ കൊണ്ട്‌ ഒട്ടിച്ചുവച്ച്‌ സ്ലോ മോഷനില്‍ നടന്നു വരുന്ന അയ്യര്‍ സാറിന്റെ ഒരു വലിയ ആരാധികയാണ്‌ കുറ്റ്‌പ്പുഴ ത്രേസ്യാമ്മ. ഒറ്റക്കാര്യത്തില്‍ മാത്രമേ അയ്യരോട്‌ എതിര്‍പ്പുള്ളൂ. അയ്യര്‍ സാറ്‌ അമേരിക്കയിലെ ഡിറ്റക്ടീവുകെ പോലെ കോട്ടിടുന്നില്ല, കറുത്ത കണ്ണടയോ റിവോള്‍വറോ ഉപയോഗിക്കുന്നില്ല. എന്നിരുന്നാലും ഇങ്ങ്‌ അമേരിക്കയിലെ എഫ്‌ ബി ഐ ക്കാര്‍ കഴിഞ്ഞാല്‍ കേസുതെളിയിക്കാന്‍ അത്രയും ബുദ്ധിയുള്ളത്‌ സേതുരാമയ്യര്‍ സി ബി ഐക്കാണെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ഇന്നലെ വൈകിട്ട്‌ ത്രേസ്യാമ്മ കുറ്റപ്പുഴയിലുള്ള ഒരേയൊരു നാത്തൂന്‌ ഫോണ്‍ ചെയ്‌തപ്പോഴും ഇക്കാര്യം പറഞ്ഞതാണ്‌.

പത്തു പതിനാറ്‌ കൊല്ലം കഴിഞ്ഞ്‌ ഏതോ കോടതി പറഞ്ഞ്‌ കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്ന സി ബി ഐ ക്കാര്‍ക്കൊന്നും കോട്ടൂരച്ചനേം, പൂതൃക്കയച്ചനേം കര്‍ത്താവിന്റെ മണവാട്ടി സെഫിയേയും ഒന്നും ചെയ്യാന്‍ പറ്റില്ല. കണ്ടില്ലേ നാടുമുഴുവനും കൊട്ടിപ്പാടി മൂന്നു പേരെയും ജയിലിലടച്ചിട്ടും പാട്ടും പാടി പുറത്തിറങ്ങിപ്പോണത്‌. കര്‍ത്താവിന്റെ കൃപ. അങ്ങു മൂക്കില്‍ വലിച്ചു കളയുമെന്നു പറഞ്ഞല്ലേ ഈ മുന്നു പേരെയും സി ബി ഐ്‌ക്കാര്‌ അറസ്റ്റു ചെയ്‌തു കൊണ്ടു പോയത്‌. എന്നിട്ടെന്തായി.

പതിനാറു വര്‍ഷം മുമ്പ്‌ ഒരു കന്യാസ്‌ത്രീ കൊച്ച്‌ കോട്ടയത്തെ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിന്റെ കിണറ്റില്‍ ശവമായി പ്രത്യക്ഷപ്പെട്ടതിന്റെ മൂന്നാം പക്കം ഫര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക്‌ മുങ്ങിയതാണ്‌ മിസിസ്‌ കുറ്റപ്പുഴയായിരുന്ന ത്രേസ്യാമ്മ. അതുകൊണ്ടു തന്നെ അഭയാ കേസിനോട്‌ വല്ലാത്തൊരു അറ്റാച്ച്‌മെന്റ്‌ ഉണ്ട്‌ ത്രേസ്യാമ്മക്ക്‌.
അന്നു വരെ അങ്ങ്‌ ചങ്ങനാശ്ശേരിക്കപ്പുറം ലോകം കണ്ടിട്ടില്ലാത്ത താന്‍ ഷിക്കാഗോക്ക്‌ വിമാനം കയറേണ്ടിവന്നത്‌ ഫര്‍ത്താവ്‌ ജോസപ്പിന്റെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ടാണെന്ന്‌ ആദ്യമൊക്കെ ത്രേസ്യാമ്മ പ്രാകിയിരുന്നു. പക്ഷേ ജോസപ്പ്‌ അറ്റത്ത്‌ നൂലുതൂങ്ങിക്കിടക്കുന്ന നിക്കറിയാന്‍ തുടങ്ങിയപ്പോഴും തൊട്ടു പിന്നാലെ ഫര്‍ത്താവിനോട്‌ ആക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കാല്‍മുട്ട്‌ വരെ കഷ്ടി മറക്കുന്ന ഫ്രോക്കിടാന്‍ തുടങ്ങിയപ്പോഴേക്കും ആ പ്രാകല്‍ മാറിയിരുന്നു.

കേരളാപോലീസും ക്രൈംബ്രാഞ്ചും സിബിഐ യും മാറി മാറി അന്വേഷിച്ച അഭയാ കേസിലെ ഓരോ പോയിന്റും മനപ്പാഠമാണ്‌ ത്രേസ്യാമ്മക്ക്‌. അതുകൊണ്ടാണ്‌ അഭയാ കേസ്‌ ആ പുതിയ സി ബി ഐ അണ്ണന്മാരില്‍ നിന്നും എടുത്തുമാറ്റി സേതുരാമയ്യര്‍ക്ക്‌ കൊടുക്കാന്‍ മിസ്‌ കുറ്റപ്പുഴയും ഫര്‍ത്താവ്‌ ജോസപ്പും ആണയിട്ടു പറയുന്നത്‌.

ത്രേസ്യാമ്മ പുലിയാണെങ്കില്‍ ഫര്‍ത്താവ്‌ പുപ്പുപ്പുലിയാണ്‌. അഭയാ കേസ്‌ മാത്രമല്ല ഫാദര്‍ ബെനഡിക്ട്‌ ഓണംകുളം കേസ്‌, ജോളി വധക്കേസ്‌, തുടങ്ങി സഭയുമായി ബന്ധപ്പെട്ട സകല കൊലപാതക ബലാത്സംഗ കേസുകളും ജോസപ്പച്ചായന്‌ കാണാപാഠമാണ്‌. അതിന്‌ കാരണവുമുണ്ട്‌.
ഷിക്കാഗോയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാണ്‌ ജോസപ്പ്‌ എബ്രഹാം എന്ന ജോസപ്പച്ചായന്‍. അന്നു നടന്ന സകല മലയാളി സമാജങ്ങളുടേയും ആഘോഷം അനുശോചനം പിക്‌നിക്‌ ചീട്ടുകളി മത്സരം തുടങ്ങി എല്ലാ പരിപാടികളുടെയും റിപ്പോര്‍ട്ട്‌ എഴുതി സ്‌കാന്‍ ചെയ്‌ത്‌ ലോകത്തിലെ എല്ലാ മലയാളം പത്രങ്ങള്‍ക്കും നല്‍കിയ ശേഷമേ അച്ചായന്‍ ഉറങ്ങാന്‍ കിടക്കാറുള്ളൂ. മനസ്സിലായില്ലേ അച്ചായന്റെ ഒരു ന്യൂസ്‌സെന്‍സ്‌.

അച്ചായന്റെ അഭിപ്രായത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തകരെല്ലാം തിരുമണ്ടന്മാരാണ്‌. അല്ലെങ്കിലും മലയാളീസിന്‌ ബുദ്ധിയില്ലല്ലോ.. ബ്ലഡി മല്ലൂസ്‌. ഞങ്ങള്‍ എന്‍ ആര്‍ ഐക്കാര്‍ ഉണ്ടാക്കിവിടുന്ന ഡോളര്‍ എത്തുന്നതുകൊണ്ടാണല്ലോ ഈ മല്ലൂസ്‌ കഞ്ഞികുടിച്ചു പോകുന്നത്‌. പറഞ്ഞുവരുന്നത്‌ സിസ്റ്റര്‍ അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തതാണെന്നാണ്‌. അല്ലാതെ നാട്ടിലെ പത്രക്കാര്‍ പറയുന്നതുപോലെ സഭ സ്വാധീനിച്ച്‌ അതൊരു ആത്മഹത്യയാക്കി മാറ്റിയതല്ല.
സി ബി ഐ ക്കാര്‍ തന്നെ അഭയയുടെത്‌ കൊലപാതകമാണ്‌ പക്ഷേ ആരാണ്‌ ചെയ്‌തതെന്നറിയില്ല എന്നു മൂന്നു തവണ പറഞ്ഞതാണ്‌. ആരാണ്‌ ചെയ്‌തതെന്നറിയില്ലെങ്കില്‍ എങ്ങനെ അത്‌ കൊലപാതകമാണെന്ന്‌ പറയും.പിന്നെയും അവന്മാരെ തന്നെയാണ്‌ കേസ്‌ ഏല്‍പ്പിച്ചത്‌. കഷ്ടം. ജോസപ്പ്‌ മൂക്കത്ത്‌ വിരല്‍ വച്ചു. അതനിടക്ക്‌ ഇത്രയും കാലം കൊണ്ട്‌ എത്ര തവണയാ പോളീഗ്രാഫ്‌ ബ്രെയിന്‍ മാപ്പിംഗ്‌ എന്നൊക്കെ പറഞ്ഞ്‌ എന്തൊക്കെയോ ടെസ്‌റ്റിന്‌ വിധേയരാക്കിയത്‌. ഹും.

ബ്രെയിന്‍ മാപ്പിംഗ്‌ എന്നു പറഞ്ഞപ്പോഴേക്കും ത്രേസ്യാമ്മ കേറി ഇടപെട്ടു. അച്ചായാ.. ആ ബ്രെയിന്‍ മാപ്പിംഗിന്റെ കാര്യമാ ഹൈക്കോടതിയില്‍ ഇന്നലെ കേസ്‌ വാദം കേട്ട ജഡിജിയും പറഞ്ഞേ. സി ബി ഐ ക്കാര്‌ മഹാ കള്ളന്മാരാ... പണ്ട്‌ മുകുന്ദന്‍ എന്നോ മറ്റോ പേരുള്ള ഒരു സാറ്‌ നടത്തിയ ബ്രെയിന്‍ മാപ്പിംഗ്‌ പരിശോധനയില്‍ ഇപ്പോ സീ ബീ ഐ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നു പറഞ്ഞതാ.. എന്നിട്ടും നമ്മുടെ സെഫി സിസ്റ്ററെ അവരെന്തൊക്കെയാ പറഞ്ഞേ..... മിസ്‌ കുറ്റപ്പുഴയുടെ ഇന്നലെ ഫേഷ്യല്‍ ചെയ്‌ത കവിള്‍ തടത്തില്‍ ഒരു തുള്ളി കണ്ണീര്‍ വീണതു കണ്ട്‌ ജോസപ്പച്ചായന്‌ സഹിച്ചില്ല.

നീ എന്നാത്തിനാടീ കരയുന്നേ.. ക്‌നാനായക്കാരിയായ അഭയാ സിസ്‌റ്ററെ ക്‌നാനായക്കാരായ രണ്ട്‌ അച്ചന്മാരും ക്‌നാനാനായക്കായിയായ സെഫി സിസ്റ്ററും കൂടി കൊന്നെന്നു പരഞ്ഞില്ലേ.അതും സഹിക്കാം സെഫി സിസ്റ്ററെ ക്‌നാനായക്കാരായ രണ്ട്‌ അഛന്മാര്‍ കൂടി ചേര്‍ന്ന്‌...... എരണം കെട്ട സീ ബീ ഐക്കാര്‍.

അതു തന്നെയാടീ ഇന്നലെ കോടതിയും പറഞ്ഞേ. സി ബി ഐക്കാര്‍ പത്രക്കാരും നാട്ടുകാരും കൂടി പറഞ്ഞതുകേട്ട്‌ സീ ബീ ഐ ഓരോന്നും ഉണ്ടാക്കി. ഇനി വലിയ ഒരു സി ബി ഐ ഓഫീസറെകൊണ്ട്‌ അന്വേഷണം നോക്കി നടത്താനാ കോടതി പറഞ്ഞേ....
അതു തന്നെയാ ഞാനും പറഞ്ഞേ.. ഈ കേസ്‌ ചുരുളഴിയണമെങ്കിലും ക്‌നാനായക്കാരായ മൂന്നു പേരും രക്ഷപ്പെടണമെങ്കിലും സേതുരാമയ്യര്‍ സീ ബീ ഐ തന്നെ വരണം എന്ന്‌.. അല്ലെങ്കില്‍ എഫ്‌ ബി ഐ.. അമേരിക്കയിലെ എഫ്‌ ബി ഐക്ക്‌ കേരളത്തിലെന്നാ കാര്യം. അതോണ്ടാ പരഞ്ഞത്‌ സേതുരാമയ്യര്‍ സീ ബീ ഐ സ്ലോമോഷനില്‍ വന്നാലേ കേസിന്റെ ചുരുളഴിയൂ എന്ന്‌..