Monday, October 16, 2006

സോണിയ- ഇന്ദിര- മഹാത്മാ ഗാന്ധി

ഗാന്ധികുടുംബത്തോട്‌ കരുണാകരനുള്ള ഭയ ഭക്തി ബഹുമാനങ്ങളേക്കുറിച്ച്‌ സല്‍പ്പുത്രന്‍ സാക്ഷാല്‍ മുരളീധരന്‍ പോലും മറുത്തുപറയുമെന്നു തോന്നുന്നില്ല. നിലനില്‍പ്പിനു വേണ്ടി വാലില്‍ ഗാന്ധിയുള്ള ആരെങ്കിലും എപ്പോഴും മുന്നിലുണ്ടാവണമെന്നത്‌ കരുണാകരന്‌ നിര്‍ബന്ധമാണെന്ന്‌ പിതാവില്ലാത്തതുകൊണ്ടുമാത്രം മാതൃസംഘടനയിലേക്ക്‌ മടങ്ങിവന്ന ചിലര്‍ പറഞ്ഞെന്നിരിക്കും. ശത്രുക്കള്‍ അങ്ങനെ പലതും പറയും. കരുണാരന്‍ ഇതെത്രകണ്ടതാ.

ഗാന്ധികുടുംബത്തില്‍ ഒരു വിദേശി നുഴഞ്ഞുകയറിയതോ കരുണാകരന്‍ ക്ഷമിച്ചു. അവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നു. എല്ലാം താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടുകാണിച്ചാല്‍ അതു ഗുരുവായൂരപ്പനാണെങ്കില്‍ പോലും കരുണാകരന്‍ ക്ഷമിക്കില്ല. മകള്‍ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ വച്ചു നടത്തിയ ചടങ്ങില്‍ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച്‌ കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകഞ്ഞു. അതുമാത്രമോ കേരളത്തില്‍ രണ്ടുതവണയെത്തിയപ്പോഴും കരുണാകരന്‍ എന്ന ഒരു സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ജനിച്ചുവളര്‍ന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോണ്‍ഗ്രസ്സുകാരോ കാണിച്ചില്ല. പ്രസാദിക്കാത്ത ദൈവത്തെ തൊഴുന്ന സ്വഭാവം പണ്ടേ കരുണാകരനില്ല. സോണിയയില്ലെങ്കില്‍ വേണ്ട കോണ്‍ഗ്രസ്സില്‍ വേറെയുമുണ്ടല്ലോ ഗാന്ധിമാര്‍ എന്നു കരുതിയതുകൊണ്ടോ എന്തോ ക്രമേണ സോണിയാജിയെന്ന പേര്‌ കരുണാകരന്റെ വായില്‍ നിന്നു വരാതായി.നാട്ടില്‍ എന്‍ സി പിയെന്ന പേരില്‍ ഒരു പാര്‍ട്ടിയുണ്ടെന്നും കരുണാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ ആരൊക്കെയോ ഏതോ ഒരു ഇന്ത്യന്‍ കോഫി ഹൗസില്‍ എന്‍ സി പിക്കാരുമൊത്തിരുന്ന്‌ ചായകുടിച്ചുവെന്ന്‌ ആരൊക്കെയോ പറഞ്ഞുനടക്കുന്ന സമയമായിരുന്നു അത്‌.

2003 നവം 9. ഇന്ദിരാജിയുടെ ജന്മദിനം. ഒരു നോമ്പുകാലം. ഇന്ദിരാജിയോടുള്ള തന്റെ പഴയ അടുപ്പവും കൂറും അണികളില്‍ കുത്തിവയ്ക്കാന്‍ പറ്റിയ ദിവസം. വൈകുന്നേരം നോമ്പുമുറിക്കുന്നതിനു മുമ്പ്‌ കൃത്യം ആറിന്‌ മുമ്പ്‌ തീര്‍ക്കാമെന്ന്‌ പ്രഖ്യാപിച്ച്‌ മറൈന്‍ഡ്രൈവില്‍ ഗംഭീര റാലിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ കരുണാകരന്‍ പ്രസംഗിക്കുന്നു. വേദിയില്‍ പിന്നീട്‌ അവശിഷ്ട കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങിപ്പോയ കടവൂര്‍ ശിവദാസന്‍ മുതല്‍ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ പി ശങ്കരന്‍ വരെയുണ്ട്‌. 'കൊടിയൊന്നും മാറ്റേണ്ട. കൊടി നമ്മുടേതാകും നമ്മള്‍ പിടിക്കുന്നത്‌ പണ്ഡിറ്റ്ജി പിടിച്ച കൊടി, ഇന്ദിരാജി പിടിച്ച കൊടി, ഞാന്‍ പിടിക്കുന്ന കൊടി, അതു മറ്റാരുടേതുമല്ല. ആ കൊടിയായിരിക്കും നമ്മുടേത്‌. അത്‌ അവസാനം വരെ പിടിക്കും. .....ആരാധ്യയായ ഇന്ദിരാജിയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രതിനിധീകരിക്കുന്ന ആ പ്രസ്ഥാനം ഇന്ദിരാജിയുടെ നേതൃത്വം സ്വീകരിച്ചുകൊണ്ട്‌ നീതിക്കും ധര്‍മ്മത്തിനുമെതിരായുള്ള സമരത്തില്‍ .......' രാജീവെന്ന മഹാരഥനെ ഇന്ത്യക്കു സമ്മാനിച്ച ഇന്ദിരയെക്കുറിച്ചും താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തേക്കുറിച്ചും കരുണാകരന്‍ വികാരാധീനനായി.ഒപ്പം മുരളീധരന്‍ ഇരുപത്തിയൊന്നു വര്‍ഷം മുന്‍പ്‌ അതായത്‌ അമ്മിഞ്ഞകുടി മാറാത്ത കാലത്ത്‌ മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ്‌ ഐക്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ദിരാഗാന്ധി ചെയ്ത പ്രസംഗം ഓര്‍ത്തെടുത്തു. ഇന്ദിരാജിയുടെ ജന്മദിനത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഹൈക്കമാന്റില്‍ നിന്നും എന്തു നടപടി നേരിട്ടാലും അത്‌ സ്വീകരിക്കാന്‍ തയ്യാറാണെന്നും തട്ടിവിട്ടു. അഛന്റെയല്ലേ മോന്‍ ഇതും പറയും ഇതിനപ്പുറവും ചിലപ്പോ പറഞ്ഞെന്നിരിക്കും. ഇന്ദിരയുടെ ജന്മദിനത്തില്‍ മരുമകള്‍ സോണിയയോടുള്ള യുദ്ധപ്രഖ്യാപനമായിരുന്നു ആസമ്മേളനം. മാസങ്ങള്‍ക്കുശേഷം വിശ്വസ്ഥരേയെല്ലാം കൂട്ടി നാണക്കേടും ഗതകേടും ഒന്നും പുറത്തുകാണിക്കാതെ കരുണാകരന്‍ തൃശൂരില്‍ വച്ച്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഔദ്യോഗിക കോണ്‍ഗ്രസ്സുമായുള്ള യുദ്ധത്തിനു ശേഷം നിശ്ചയിച്ച പാര്‍ട്ടിയുടെ പേര്‌ ഡെമോക്രാറ്റിക്ക്‌ ഇന്ദിരാ കോണ്‍ഗ്രസ്സ്‌ എന്ന ആന്റി സോണിയ കോണ്‍ഗ്രസ്സ്‌. ഒരു തികഞ്ഞ ഇന്ദിരാഭക്തന്‍ ഇതില്‍ കൂടുതല്‍ എന്തു ചെയ്യാന്‍.

ഡി ഐ സിപിറന്നതോടെ കരുണാകരന്റേയും മക്കളുടേയും അധോഗതി തുടങ്ങി. പത്മജയുടെ ലിപ്സ്റ്റിക്കിട്ട്‌ ചുവപ്പിച്ച ചുണ്ടുകള്‍ ഒരു ചാനലിനും വേണ്ടാതായി. നട്ടെല്ലുണ്ടെന്ന്‌ അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തില്‍ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. കറിവേപ്പിലയാണെങ്കില്‍ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. ഇന്ദിരക്കും രാശി പോരെന്ന്‌ കരുണാകരന്‍ മനസ്സിലാക്കിയത്‌ പക്ഷേ വളരെ വൈകിയാണ്‌. ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരന്‍ പോലും അറിഞ്ഞില്ല. പെട്ടെന്നാണ്‌ സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിന്‍തുമ്പത്തുനിന്ന്‌ അടര്‍ന്നു വീണത്‌. ഇതുവരെ അവശിഷ്ട കോണ്‍ഗ്രസ്സെന്നും ഉമ്മന്‍ കോണ്‍ഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരന്‍ ഓ സി യെന്നു താന്‍ ഓമനപ്പേരിട്ടു വിളിക്കുന്നത്‌ ഒറിജിനല്‍ കോണ്‍ഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോണ്‍ഗ്രസ്സ്‌ എന്ന ഒരു സാധനം ഭൂലോകത്ത്‌ ഉണ്ടെന്ന്‌ സമ്മതിച്ചു ലീഡര്‍. ഇത്രയും കാലം പറ്റിയ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്‌. കോഴിക്കോട്‌ മുരളീധരന്റെ വസതിയില്‍ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കരുണാകരന്‍ അടിച്ചുവിട്ടത്‌ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ ഡി ഐ സി യെന്ന തന്റെ പാര്‍ട്ടി എന്‍ സി പിയില്‍ ലയിക്കുന്നത്‌ എന്നായിരുന്നു. കൂടെ പവാറിന്‌ പലരോടും ആലോചിക്കാന്‍ കാണും എന്നാല്‍ കരുണാകരന്‌ ഡി ഐ സി ലയിക്കുന്നതിനേക്കുറിച്ച്‌ ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്സുപോലെ പെട്ടെന്നു തീര്‍ന്നു. ശോഭനാ ജോര്‍ജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലര്‍ കണ്ണീര്‍ പൊഴിച്ചും ചിലര്‍ അല്ലാതെയും കോണ്‍ഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി ഐ സിയെന്നാല്‍ അഛനും മകനും ഒന്നിനും പോരാത്ത എം പി ഗംഗാധരനും മറ്റുചിലരുമെന്നായി. അടുത്ത ഘട്ടം ലയനം. എല്ലാം ഡെറാഡൂണില്‍ വച്ച്‌ തീരുമാനിക്കും. വാലില്‍ ഗാന്ധിയുള്ള എത്രപേരെ കരുണാകരന്‍ പിടികൂടുമെന്നും കാത്തിരുന്നു കാണാം.