Monday, July 05, 2010

സ്ത്രീ അമ്മയാണ് പെങ്ങളാണ് മഹിളാ അസോസിയേഷനാണ് - അബ്ദുള്ളക്കുട്ടി അത് ചെയ്യരുതായിരുന്നു

പേരില്‍ കുട്ടിയുള്ള രാഷ്ട്രീയക്കാരെല്ലാം പെണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ചും ലീഗുകാരും മൂമ്പ് ലീഗുകാരായിരുന്നവരും. ഇടക്കാലത്ത് സി പി എമ്മിന്റെ നാവും വാലുമൊക്കെ ആയിരുന്ന അബ്ദുള്ളക്കുട്ടിക്ക് ഇക്കാര്യം മറന്നു പോകരുതായിരുന്നു. എന്തൊക്കെയായാലും അബ്ദുള്ളക്കുട്ടി ചെയ്തത് ശരിയായില്ല. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്യുക അതും ഒരു പെണ്‍ക്കുട്ടിക്കൊപ്പം. സകലമാന പുരോഗമന പ്രസ്ഥാനങ്ങളുടേയും ഗര്‍ഭപാത്രമാണെന്ന് അവകാശപ്പെടുന്ന സാക്ഷാല്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് എങ്ങനെ ക്ഷമിക്കാനാകും.

ഇത്തരം അനാശാസ്യം കാണിക്കുന്നവര്‍ക്ക് മാര്‍ക്‌സിസ്റ്റ് പീനല്‍ കൊഡു പ്രകാരം നല്‍കേണ്ട ശിക്ഷ പാര്‍ട്ടി അപ്പോള്‍ തന്നെ ചെയ്തു കാണിച്ചു. നിയമസഭയില്‍ ഇക്കാര്യം വിളിച്ചു പറയാന്‍ ഏതോ ഒരു ചന്ദ്രന്‍ എന്ന് എം എല്‍ എയെ ചുമതലപ്പെടുത്തി. പാര്‍്ട്ടി ചാനലില്‍ വന്‍ ബ്രേക്കിംഗ് ന്യൂസുമാക്കി. അഞ്ചുവര്‍ഷം തടവ് അമ്പതിനായിരം രൂപ പിഴ എന്നു പറയുന്നതു പോലെ. പണ്ടൊരു ഉണ്ണിത്താന്‍ എന്നയാള്‍ ഏതോ ഒരു സ്ത്രീക്കു ലിഫ്റ്റു കൊടുത്തപ്പോഴും ഇത്തരം ശിക്ഷ തന്നെയാണ് പാര്‍ട്ടി നല്‍കിയത്. പിന്നാലെ നടന്ന് സി പി എമ്മുകാര്‍ ഒരു വീട്ടില്‍ വച്ച് അവരെ ലിഫ്റ്റു ചെയ്യുകയായിരുന്നു. കുറ്റം പറയരുതല്ലോ പ്യുവര്‍ സാമൂഹിക പ്രവര്‍ത്തനം. മാര്‍ക്‌സിസ്റ്റ് പീനല്‍ കോഡനുസരിച്ച് ചാനലില്‍ ആഘോഷിക്കുകയും ദേശാഭിമാനിയില്‍ വന്ന സ്ത്രീയുടെ ചിത്രം സഹിതമുള്ള വാര്‍ത്ത കേരളം മുഴുവനും വന്‍ ഫഌക്‌സ് ബോര്‍ഡായി നിരത്തിയതുമാണ്.

സ്ത്രീ അമ്മയാണ് പെങ്ങളാണ് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷനാണ്. കാര്യമൊക്കെ ശരിതന്നെ മര്യാദക്ക് അമ്മയും പെങ്ങളുമായി വീട്ടിലിരുന്നില്ലെങ്കില്‍ പുരോഗമനമൊക്കെ പാര്‍ട്ടിയാപ്പീസിലെ പെട്ടിയിലിരിക്കും. സ്ത്രീകളെ ഒളിഞ്ഞു നോക്കുകയും തുറിച്ചു നോക്കുകയും ചെയ്യുന്നതിനെതിരെ അന്താരാഷ്ട്ര സെമിനാറുകള്‍ ചിലപ്പോള്‍ നടത്തിയെന്നിരിക്കും. പക്ഷേ ഇത്തരം അനാശാസ്യം പൊറുക്കാന്‍ വയ്യ. അതാണ് പാര്‍ട്ടി നയം. ഈ പാര്‍ട്ടിയേക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല.

വാല്‍ക്കഷണം : പണ്ട് മാന്യനായ ഒരു മന്ത്രിയുടെ കാറില്‍ ഒരു സ്ത്രീ യാത്ര ചെയ്യതു. അധികം താമസിയാതെ മന്ത്രിപ്പട്ടം ഊരിവച്ച് ആള്‍ വീട്ടിലിരുന്നു. ഈയിടെ ഒരു തീവണ്ടിയില്‍ മറ്റൊരു ഉന്നത നേതാവ് ഭാര്യക്കൊപ്പം യാത്ര ചെയ്തിട്ടും വെറുതെ വിട്ടില്ല. സ്ത്രീ ഇതുമാതിരി കുഴപ്പക്കാരിയാണെങ്കില്‍ എങ്ങനെ വനിതാ സംവരണ ബില്‍ എങ്ങനെ പാസ്സാകും !!!

Wednesday, January 20, 2010

യുവാക്കളെ ആവശ്യമുണ്ട്‌ !

രാജ്യത്തെ ഭൂരിപക്ഷത്തിന്റെ രാഷ്‌ട്രീയ സാമൂഹിക നിലപാടുകളെ ഉള്‍ക്കൊള്ളാനാകാത്തവര്‍ പ്രതിനിധീകരിക്കുന്ന സംവിധാനമായി സര്‍ക്കാര്‍ മാറുമ്പോഴാണ്‌ ജനാധിപത്യ ചട്ടക്കൂടുള്ള ഒരു രാജ്യം ഏറ്റവു വലിയ പ്രതിസന്ധി നേരിടുന്നത്‌. അതൃപ്‌തരായ ജനവിഭാഗങ്ങള്‍ സായുധകലഹങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നത്‌ രാഷ്‌ട്രീയമായി അടിച്ചമര്‍ത്താവുന്ന പ്രതിഷേധങ്ങളാണെങ്കില്‍ നിലവിലുള്ള സംവിധാനത്തില്‍ അസംതൃപ്‌തരായ ഭൂരിപക്ഷം കാലക്രമേണ ഭരണസംവിധാനത്തോട്‌ വൈമുഖ്യം കാണിക്കുന്നതിനെ സ്റ്റേറ്റിന്‌ എങ്ങിനെ നേരിടാനാകും?. രാഷ്‌ട്രീയ മണ്‌ഡലത്തില്‍ നിന്നും ഇന്ത്യന്‍ യുവത്വം ഉള്‍വലിയുന്ന പ്രവണത ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും കൂടിവരുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പക്ഷേ താഴെതട്ടിലേക്ക്‌ ഇറങ്ങിചെല്ലുകയും യുവാക്കള്‍ക്കൊപ്പം ചിലവഴിക്കുകയും ചെയ്‌ത്‌ രാജ്യത്തിലെ യുവസമൂഹത്തിന്റെ വക്താവായി മാറുന്ന രാഹുല്‍ ഗാന്ധി പക്ഷേ ഇത്‌ സമ്മതിച്ചു തന്നെന്നു വരില്ല. ആഴ്‌ചയില്‍ പത്തു പത്രസമ്മേളനമെങ്കിലും വിളിച്ചുകൂട്ടി യൂവാക്കളുടെ രാഷ്‌ട്രീയ നിലപാടുകളേക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന അദ്ദേഹം അറിയേണ്ട ചില കാര്യങ്ങളുണ്ട്‌. ഒരു പക്ഷേ ഡൂണ്‍ സ്‌കൂളിലും കേംബ്രിഡ്‌ജിലും ഒന്നും പഠിക്കാത്ത ചില പാഠങ്ങള്‍.
ഇന്ത്യയില്‍ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളവും 35 വയസ്സിനു താഴെയുള്ളവരാണെന്നാണ്‌ കണക്ക്‌. ജനസംഖ്യാവര്‍ദ്ധനവ്‌ അതിന്റെ ഉന്നതിയിലെത്തിയ 1980 കളില്‍ ചൈനയിലുണ്ടായിരുന്ന അതേ സാഹചര്യമാണിത്‌. ഇന്ത്യയില്‍ ഇനിയും പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയാത്ത ജനസംഖ്യാവര്‍ദ്ധനാ നിരക്ക്‌ ഈ സ്ഥിതിവിശേഷം ചുരുങ്ങിയത്‌ ഒരു പതിറ്റാണ്ടെങ്കിലും തുടരാന്‍ കാരണമാക്കുമെന്നാണ്‌ വിദഗ്‌ദാഭിപ്രായം. ചൈന ഈ സാഹചര്യത്തെ ക്രിയാത്മകമായി നേരിട്ടത്‌ യുവാക്കള്‍ക്ക്‌ ഭരണസംവിധാനങ്ങളിലും രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളിലും കൂടുതല്‍ പങ്കാളിത്തം നല്‍കിയും കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രോത്സാഹനം നല്‍കിയുമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ജനസംഖ്യയുടെ ഭൂരിപക്ഷമായ യുവാക്കള്‍ കഴിഞ്ഞ മൂന്നു ദശാബ്‌ദങ്ങളായി ഭരണസംവിധാനങ്ങളില്‍ നിന്നും പൊതുപ്രവര്‍ത്തനരംഗത്തും പ്രാതിനിധ്യം ലഭിക്കാതെ പിന്‍വാങ്ങുതായാണ്‌ കണ്ടുവരുന്നത്‌. മൊത്തം വോട്ടവകാശമുള്ളവരില്‍ നാല്‍പതു ശതമാനത്തോളം പേരും 18 മുതല്‍ 35 വയസ്സുവരെയുള്ളവരാണ്‌ എന്നിരിക്കെ ലോക്‌സഭയില്‍ യുവാക്കളുടെ പ്രാതിനിധ്യം വന്‍തോതില്‍ കുറഞ്ഞുവരുന്നതായാണ്‌ കണക്ക്‌. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ്‌ യുവ എം പി മാരെ (40 വയസ്സിനു താഴെയുള്ളവര്‍) കണ്ടത്‌ 2004 ലെ യും 1999 ലെയും ലോകസഭകളാണ്‌ - യഥാക്രമം 61 ഉം 65 ഉം പേര്‍. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 85 യുവ എം പിമാര്‍ ലോകസഭയിലെത്തിയെന്നത്‌ അല്‌പമെങ്കിലും ആശ്വാസം നല്‍കുന്ന കാര്യമാണെങ്കിലും ആദ്യ ലോക്‌സഭയില്‍ 140 ഉം രണ്ടാം ലോകസഭയില്‍ 162 ഉം യുവ എം പി മാരുള്ള സ്ഥാനത്താണ്‌ അത്‌ പകുതിയിലും താഴെയായി കുറഞ്ഞത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. വോട്ടെടുപ്പില്‍ നിന്ന്‌ കൂടുതലും 25 വയസ്സുവരെയുള്ള വോട്ടര്‍മാരുടെ സാന്നിദ്ധ്യമാണ്‌ കുറഞ്ഞുവരുന്നെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ ഈ പ്രതിസന്ധി രൂക്ഷമാക്കുമെന്നതിന്റെ സൂചകമായി വേണം കണക്കാക്കാന്‍. തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോക്‌സഭയില്‍ ശരാശരി നാല്‍പ്പതു ശതമാനം പ്രതിനിധികളും 50 വയസിനു മുകളിലുള്ളവരാണ്‌, അവരില്‍ തന്നെ നല്ലൊരു പങ്കും റിട്ടയര്‍മെന്റ്‌ പ്രായം കഴിഞ്ഞവര്‍. കീഴ്‌വഴക്കമനുസരിച്ച്‌ ഭരണ രംഗത്ത്‌ പ്രായമല്ല പരിചയവും അറിവുമാണ്‌ യോഗ്യതാ മാനദണ്‌ഡമെങ്കിലും മാറിയ ഇന്ത്യയില്‍ പിറന്നുവീണ സാങ്കേതികമായും ബൗദ്ധികമായും വികാസം പ്രാപിച്ച യുവതലമുറയെയും അവരുടെ വീക്ഷണങ്ങളെയും മാറിയ വിദ്യാഭ്യാസ തൊഴില്‍ സാമൂഹിക പരിതസ്ഥിതിയേയും അനുബന്ധ മണ്‌ഡലങ്ങളേയും പ്രതിനിധീക്കാന്‍ തക്കപരിജ്ഞാനമുള്ള എത്രപേര്‍ കഴിഞ്ഞ ലോകസഭകളിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു എന്ന ചോദ്യം പസക്തമാണ്‌.
വ്യാവസായിക വിപ്ലവത്തിനുശേഷം ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണ്‌ പുത്തന്‍ സാങ്കേതിക വിപ്ലവത്തിനു സാക്ഷ്യം വഹിച്ച കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍. വ്യവസായിക മേഖലയിലും സാമ്പത്തിക മേഖലയിലും സാങ്കേതിക രംഗത്തും ലോകത്തെങ്ങുമുണ്ടായ മാറ്റങ്ങള്‍ ഇന്ത്യയിലും പ്രതിഫലിച്ച കാലഘട്ടം. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും ഫലമായി പുത്തന്‍ പഠന മേഖലയും തൊഴില്‍ മേഖലയും വികസിച്ചതും പുതിയ തലമുറ വഴിമാറി നടന്നു തുടങ്ങിയതും ഈ കാലത്താണ്‌. ഡിജിറ്റല്‍ ഡിവൈഡിന്റെ പേരില്‍ രണ്ടു തലമുറകള്‍ തമ്മിലുള്ള അന്തരം കണ്ടു തുടങ്ങിയ, അടിത്തട്ടുവരെ മാറ്റം ദൃശ്യമായ ഈ കാലഘട്ടത്തിലാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയ രംഗത്തുനിന്നും പൊതു രംഗത്തു നിന്നും യുവാക്കള്‍ പിന്മാറിത്തുടങ്ങിയത്‌. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞതും തൊഴില്‍ പരിസരങ്ങളില്‍ വന്ന മാറ്റവും ഉന്നത വിദ്യാഭ്യാസ മേഖല വികസിച്ചതും അതിനൊരു കാരണമായി സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും രാഷ്‌ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങളെ പോലും കടത്തിവെട്ടുന്നവരെന്ന്‌ വീമ്പു പറയുന്ന നമ്മുടെ പുതുതലമുറ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പിന്നോട്ടടിക്കുന്നുവെന്നത്‌ പരിതാപകരമാണ്‌. രാഷ്‌ട്രീയത്തില്‍ നിന്നുമുള്ള ഈ അകല്‍ച്ച പക്ഷേ രാഷ്‌ട്രീയത്തോടുള്ള വെറുപ്പോ വിദ്വേഷമോ അല്ല എന്നാണ്‌ സി എസ്‌ ഡി എസ്‌ (Centre for the Study of Developing Societies. Delhi) നടത്തിയ തെരഞ്ഞെടുപ്പ്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌. മറ്റു പ്രായത്തിലുള്ളവരെപോലെ തന്നെ യുവജനങ്ങളും രാഷ്‌ട്രീയത്തില്‍ താത്‌പര്യം പ്രകടിപ്പിക്കുന്നതായാണ്‌ കണ്ടെത്തല്‍. സാമൂഹിക പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തന മേഖലകളിലൊക്കെ യുവാക്കള്‍ പ്രകടിപ്പിക്കുന്ന ആര്‍ജ്ജവം ഈ കണ്ടെത്തലിനെ കൂടുതല്‍ ശരിവെക്കുന്നു. രാഷ്‌ട്രീയത്തോടല്ല രാഷ്‌ട്രീയപാര്‍ട്ടികളുടെ നയങ്ങളോടും പ്രവര്‍ത്തനരീതിയോടുമാണ്‌ പുതിയ തലമുറ വൈമുഖ്യം കാണിക്കുന്നതെന്ന്‌ വ്യക്തം.
പുതിയ ലോകത്തെ അനുസരിക്കാന്‍ മടിക്കുന്ന രാഷ്‌ട്രീയത്തില്‍ നിന്നു പുതിയ തലമുറയിലുള്ളവര്‍ അകന്നു നില്‍ക്കുന്നതിന്‌ തെളിവായി ബെല്‍ജിയവും സ്വീഡനുമടക്കമുള്ള രാജ്യങ്ങളുടെയും ഫ്രാന്‍സും ജര്‍മ്മനിയും ബ്രിട്ടനുമടക്കമുള്ള വികസിത രാജ്യങ്ങളുടെയും ചരിത്രം നമുക്കുമുന്നിലുണ്ട്‌. ബെല്‍ജിയത്തില്‍ മുപ്പതുവര്‍ഷം മുമ്പു തന്നെ യുവരാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന്‌ വന്‍ കൊഴിഞ്ഞുപോക്ക്‌ ആരംഭിച്ചിരുന്നെങ്കില്‍ സ്വീഡനില്‍ എഴുപതുകളിലുള്ളതിന്റെ നാലിലൊന്നു പ്രവര്‍ത്തകര്‍ മാത്രമേ ഇന്ന്‌ യുവജന പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായുള്ളൂ. പുതു തലമുറയുടെ വീക്ഷണങ്ങള്‍ക്കനുസരിച്ച്‌ പ്രസ്‌ഥാനങ്ങളുടെ മുഖം മിനുക്കിയ വെനിസ്വലയാണ്‌ തമ്മില്‍ ഭേദമെന്നു പറയാം. യുവത്വം നഷ്‌ടപ്പെട്ടിട്ടില്ലാത്ത ബറാക്‌ ഒബാമയെ മുന്‍നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രചാരണതന്ത്രങ്ങളും അതിന്‌ ലഭിച്ച യുവാക്കളുടെ പിന്തുണയും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്‌. ലോകത്തിലെ സാമ്പത്തിക ശക്തിയായി മാറികൊണ്ടിരിക്കുന്ന ചൈനയില്‍ യുവാക്കള്‍ പ്രായോഗിക രാഷ്‌ട്രീയത്തെ അംഗീകരിച്ചുവെന്നതും മാറിയ കമ്മ്യൂണിസ്റ്റ്‌ മുഖത്തെ നിരന്തരം വിജയത്തിലേക്ക്‌ നയിച്ചതും ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്‌. ലോകമെമ്പാടുമുള്ള രാഷ്‌ട്രീയ ലബോറട്ടറികളില്‍ യുവാക്കളെ മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഇന്ത്യയില്‍ പക്ഷേ സ്ഥിതി നേരെ മറിച്ചാണ്‌. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളുടെ ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങളുടെ മൊത്തത്തിലുള്ള പ്രത്യേകതയാണ്‌ യുവാക്കളും മുതിര്‍ന്നവരും തമ്മിലുള്ള അന്തരമെന്നു കാണാം. യൂറോപ്പ്‌ അമേരിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഏഷ്യന്‍ രാജ്യങ്ങളുടെ സംസ്‌കാരിക പാരമ്പര്യമാണ്‌ ഇത്തരമൊരു സ്ഥിതിവിശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ രൂക്ഷമാക്കിയത്‌. പരമ്പരാഗതമായി മുതിര്‍ന്നവരോട്‌ ബഹുമാനം പുലര്‍ത്തുകയും സമൂഹത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ അവരെ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്ന ഗോത്ര പാരമ്പര്യം രാഷ്‌ട്രീയത്തിലും തുടര്‍ന്നതാണ്‌ 94 ാം വയസ്സില്‍ പോലും രാമചന്ദ്ര വീരപ്പയെപോലെയൊരാളെ കര്‍ണാടകത്തിലെ ബിദാറില്‍ നിന്നും പാര്‍ലമെന്റിലെത്തിച്ചത്‌. 14ാം ലോകസഭ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളിള്‍ തന്നെ അദ്ദേഹം മരണമടഞ്ഞു. കഴിവിനു മുകളില്‍ പ്രായം യോഗ്യതയായി മാറുന്ന ഈ രീതി ഇന്ത്യന്‍ മണ്ണില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ അപ്പോസ്‌തലന്മാരെ സൃഷ്‌ടിക്കാനും ക്രമേണ അവരുടെ തായ്‌വഴികള്‍ അതേ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാനും ക്രമേണ ഇന്ത്യന്‍ രാഷ്‌ട്രീയം കുടുംബവാഴ്‌ചക്ക്‌ കീഴടങ്ങാനും ഇത്‌ കാരണമായി. വിവര വിനിമയ വിപ്ലവത്തിന്റെ പുതിയ കാലത്ത്‌ ചുറ്റുപാടുകളെക്കുറിച്ച്‌ അറിവുള്ളവരും ദേശീയവും അന്തര്‍ദേശീയവുമായ ഇടപെലടുകളെക്കുറിച്ച്‌ ബോധവാന്മാരുമായ പൊതുജനത്തിനു മുമ്പില്‍ തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിലും ചര്‍ച്ചകളിലും സാമ്രാജ്യത്വം മതേതരത്വം ജനാധിപത്യം എന്നിങ്ങനെ സ്ഥൂലവാദങ്ങള്‍ നിരത്തി ബഹളം കൂട്ടുന്നതല്ലാതെ വ്യക്തമായ ധാരണയുള്ള, കൃത്യമായ അറിവുകളുള്ള എത്ര നേതാക്കളെ ഈ തിരഞ്ഞെടുപ്പുകാലത്തെ ചര്‍ച്ചാവേദികളില്‍ നാം കണ്ടു?. മാറിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന, നൂതനമേഖലകളില്‍ കഴിവു തെളിയിച്ച പുതുതലമുറയെ പ്രതിനിധാനം ചെയ്യാന്‍ അല്‌പജ്ഞാനികളായ ബഹുഭൂരിപക്ഷം വരുന്ന പാര്‍ലമെന്റ്‌ മെമ്പര്‍മാര്‍ക്ക്‌ കഴിയാതെ പോകുന്നുവെന്ന വസ്‌തുതയെ തള്ളിക്കളയാനാവില്ല.
ന്യൂജനറേഷന്‍ തെരഞ്ഞെടുപ്പ്‌ കാംപയിന്‍ എന്നത്‌ തലമുതിര്‍ന്ന നേതാക്കളുടെ നെറ്റി ചുളിക്കുമെങ്കിലും യുവാക്കളുടെ നിലപാടുകളെ മുന്‍നിര്‍ത്തി അത്തരത്തില്‍ പ്രചാരണം നടത്തിയ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ യുവാക്കളുടെ ഇടയില്‍ വോട്ടുകള്‍ കൂടുതല്‍ നേടിയതായി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ അടിസ്ഥാനമാക്കി സി എസ്‌ ഡി എസ്‌ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദേശീയ വോട്ടിംഗ്‌ ശതമാനവുമായി തട്ടിച്ചു നോക്കിയാല്‍ രണ്ടു മുതല്‍ നാലുശതമാനം വരെ കുറവാണ്‌ യുവാക്കളുടെ വോട്ടിംഗ്‌ ശതമാനം. കോണ്‍ഗ്രസ്സിന്റെ യുവ വോട്ടുകള്‍ അവരുടെ ദേശീയ ശരാശരിയേക്കാള്‍ താഴെയാണെങ്കില്‍ ദേശീയ ശരാശരിയേക്കാള്‍ രണ്ടു ശതമാനം വരെ കൂടുതലായിരുന്നു ബി ജെ പിയുടെ യുവ വോട്ടുകള്‍. ബി ജെ പി യില്‍ പ്രമോദ്‌ മഹാജന്‍ തുടങ്ങിവച്ച പുത്തന്‍ പ്രചാരണ പരിപാടികളുടെ ഫലമായുണ്ടായ മാറ്റമായിവേണം ഇതിനെ കണക്കാക്കാന്‍. ബി എസ്‌ പിക്കും യുവാക്കളുടെ വോട്ട്‌ പങ്ക്‌ ലഭിക്കുന്നത്‌ കൂടിക്കൊണ്ടിരിക്കുന്നതായാണ്‌ കണക്കുകള്‍. പ്രായം കുറഞ്ഞ ഈ രാഷ്‌ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച്‌ കോണ്‍ഗ്രസ്സടക്കമുള്ള തലമുതിര്‍ന്ന രാഷ്‌ട്രീയ പാര്‍ട്ടികളോട്‌ ഇവര്‍ താത്‌പര്യം പ്രകടിപ്പിക്കുന്നത്‌ കുറഞ്ഞുവരുന്നതായി കാണാം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ലഭിക്കുന്ന വോട്ടിന്റെ കാര്യത്തില്‍ മറ്റു ഏജ്‌ ഗ്രൂപ്പുകളെ അപേക്ഷിച്ച്‌ യുവാക്കളുടെ പങ്ക്‌ കുറഞ്ഞുവരുന്നതായാണ്‌ കണക്ക്‌. ജനാധിപത്യത്തെയും രാഷ്‌ട്രീയപ്രവര്‍ത്തനത്തേയും പിന്തുണക്കുന്ന, ലോകരാഷ്‌ട്രീയ ക്രമങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ പരിതസ്ഥിതിയെ താരതമ്യം ചെയ്യുന്ന പുതിയ തലമുറയുടെ രാഷ്‌ട്രീയ വീക്ഷണങ്ങള്‍ പരമ്പരാഗത രീതികള്‍ക്ക്‌ പിന്നാലെ പോകുന്നതല്ലെന്നുവേണം മനസ്സിലാക്കാന്‍. വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പു കാലത്തു നടന്ന ചര്‍ച്ചകളില്‍ ദേശഭാഷാ ഭേദമന്യേ യുവാക്കളുടെ പ്രതികരണം ഈ സൂചനയാണ്‌ നമുക്ക്‌ തരുന്നതും. പ്രചാരണ മാധ്യമങ്ങള്‍ മാറിയാലും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക്‌ യുവാക്കള്‍ക്കിടയില്‍ നല്ല മൈലേജുണ്ടെന്നതിന്‌ തെളിവായി 2008 ലെ പാര്‍ലമെന്റിലെ അവിശ്വാസപ്രമേയചര്‍ച്ചയില്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നേതാവും ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ളയുടെ പ്രസംഗത്തിന്‌ യൂടൂബിലൂടെയും ഇ മെയില്‍ വഴിയും ലഭിച്ച പ്രചാരം ചൂണ്ടിക്കാണിക്കാം. പോസ്റ്റ്‌ ചെയ്‌ത്‌ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ന്യൂക്ലിയര്‍ കരാറിനെക്കുറിച്ചും മതേതരത്വത്തേക്കുറിച്ചുമുള്ള പ്രസംഗത്തിന്റെ ഒമറിന്റെ പ്രസംഗം യൂട്യൂബില്‍ 60000ല്‍ പരം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞിരുന്നു. അതേ സമയം വരുണ്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തിനും രാഹുല്‍ ഗാന്ധിയുടെ തന്നെ മുന്‍കാല വിവാദ പരാമര്‍ശങ്ങള്‍ക്കും എതിരെ വന്‍ പ്രതിഷേധമാണ്‌ ഉണ്ടായത്‌ എന്നതും ശ്രദ്ധേയമാണ്‌. ഗാന്ധിതലമുറയിലെ ഇളമുറക്കാരായ ഇവര്‍ക്കെതിരെ ആക്ഷേപഹാസ്യം കലര്‍ന്ന എസ്‌ എം എസുകളും ഇ മെയിലുകളുടെയും വന്‍ പ്രവാഹമായിരുന്നു.
തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കോണ്‍ഗ്രസ്സും ബി ജെ പിയുമടക്കം ചെറുതും വലുതുമായ മിക്കവാറുമെല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും യുവ നേതൃത്വനിരയ്‌ക്ക്‌ വന്‍ രാഷ്‌ട്രീയ പ്രാധാന്യം ലഭിക്കാറുണ്ട്‌. പതിനഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട്‌ യുവപ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയുടെ പിന്‍ഗാമിയായി രാഹുല്‍ ഗാന്ധിയെ വാഴ്‌ത്തിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പുതിയ യുവ നിരയെ തന്നെ സൃഷ്‌ടിച്ചും കോണ്‍ഗ്രസ്സ്‌ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പേ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയതാണ്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുന്നില്‍ നിര്‍ത്തുന്നവരില്‍ എത്ര പേര്‍ യുവ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച്‌ കഴിവു തെളിയിച്ചതാണെന്നും രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ വിശ്വാസ്യത തെളിയിച്ചതാണെന്നും പരിശോധിക്കുന്നത്‌ രസകരമായിരിക്കും. കോണ്‍ഗ്രസ്‌ നേതാവും രാജീവ്‌ ഗാന്ധിയുടെ സുഹൃത്തും മുന്‍ മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യ(38), ജിതേന്ദ്ര പ്രസാദയുടെ മകന്‍ ജിതിന്‍ പ്രസാദ (35) , രാജേഷ്‌ പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ്‌, സുനില്‍ ദത്തിന്റെ മകള്‍ പ്രിയ ദത്ത്‌, മുരളി ദിയോറയുടെ മകന്‍ മിലിന്ദ്‌ ദിയോറ, ഷീലാ ദീക്ഷിത്തിന്റെ മകന്‍ സന്ദീപ്‌ ദീക്ഷിത്ത്‌, ഹരിയാന മുഖ്യമന്ത്രി ഭൂപീന്തര്‍ സിംഗ്‌ ഹൂഡയുടെ മകന്‍ ദീപേന്ദ്ര ഹൂഡ, പ്രകാശ്‌ ജിന്‍ഡാലിന്റെ മകന്‍ നവീന്‍ ജിന്‍ഡാല്‍... അങ്ങനെ നീളുന്നു രാഹുലിനു പിന്നില്‍ അണി നിരക്കാന്‍ കോണ്‍ഗ്രസ്‌ കണ്ടുപിടിച്ചവരുടെ പട്ടിക. തലമുതിര്‍ന്ന രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക്‌ വിശ്രമകാലത്ത്‌ നല്‍കുന്ന ഉപഹാരമോ, അല്ലെങ്കില്‍ രാഷ്‌ട്രീയത്തിലെ മുന്‍നിരനേതാക്കളുടെ പരമ്പരാഗത സ്വത്തായി ഇളമുറക്കാര്‍ക്ക്‌ നല്‍കുന്ന സ്ഥാനമോ ആണ്‌ കോണ്‍ഗ്രസ്‌ എം പി സ്ഥാനമെന്ന അപവാദത്തിന്‌ കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതാണ്‌ കോണ്‍ഗ്രസ്സിന്റെ പുതിയ റിക്രൂട്ട്‌മെന്റ്‌.
കോണ്‍ഗ്രസ്സ്‌ മാത്രമല്ല മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും ഏതാണ്ട്‌ അതേ നയങ്ങളാണ്‌ പിന്തുടര്‍ന്നത്‌. മുന്‍ ലോക്‌ സഭാ സ്‌പീക്കറായിരുന്ന പി എ സംഗ്മയുടെ മകള്‍ അഗത സഗ്മ, തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴി, ശരത്‌ പവാറിന്റെ മകള്‍ സുപ്രിയ സൂളെ, മുലായം സിംഗ്‌ യാദവിന്റെ മകന്‍ അഖിലേഷ്‌ യാദവ്‌, കല്യാണ്‍ സിംഗിന്റെ മകന്‍ രജ്‌ബീര്‍ സിംഗ്‌, ഭജന്‍ ലാലിന്റെ മകന്‍ കുല്‍ദീപ്‌ വിഷ്‌ണോയ്‌, പ്രകാശ്‌ സിംഗ്‌ ബാദലിന്റെ മകന്‍ സുഖ്‌ബീര്‍ സിഗ്‌ ബാദല്‍ എന്നിങ്ങനെ നീളുന്നു രാഷ്‌ട്രീയത്തിലെ പുത്തന്‍കൂറ്റുകാരുടെ പട്ടിക. ഈ ശ്രേണിയിലേക്ക്‌ കേരളത്തില്‍ നിന്നും ജോസ്‌ കെ മാണിയും കെ മുരളീധരനും പത്മജാ വേണുഗോപാലുമടക്കം നിരവധി പേരെ സമീപകാലത്ത്‌ കണ്ടെടുക്കാന്‍ കഴിയും. ഗാന്ധി കുടുംബവും സിന്ധ്യകുടുംബത്തിലെ കോണ്‍ഗ്രസ്‌ പക്ഷത്തിനും പുറമെ വസുന്ധര രാജെ സിന്ധ്യയും മകന്‍ ദുഷ്യന്തും, യശോധരാ രാജെയുമടങ്ങുന്ന രാജകുടുംബാംഗങ്ങളും, ജമ്മു കാശ്‌മീരില്‍ ഷേഖ്‌ അബ്‌ദുള്ള കുടുംബത്തിലെ താവഴിയായ ഫാറൂഖ്‌ അബ്‌ദുള്ള - ഒമര്‍ അബ്‌ദുള്ള കുടുംബവും, ലാലു പ്രസാദും ഭാര്യ റാബ്രി ദേവിയും അവരുടെ സഹോദരന്മാരുമടങ്ങുന്ന കുടുംബവും, കരുണാനിധി കുടുംബവും, താക്കറെ കുടുംബവും, മഹാജനും ബന്ധുക്കളും തുടങ്ങി രാജവംശം മുതല്‍ സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ വരെ പങ്കെടുക്കുന്ന ഒരു വന്‍ കുടുംബ ബിസിനസാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയം എന്നു പറയുന്നതില്‍ തെറ്റില്ല. ഈ കുടുംബവാഴ്‌ചയുടെ പുതിയ ചിത്രമാണ്‌ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തും കണ്ടത്‌.
ലോക പ്രശസ്‌തരായ ബിസിനസുകാരിലും മാനേജ്‌മെന്റ്‌ വിദഗ്‌ദരിലും സാങ്കേതിക വിദഗ്‌ദരിലും ശാസ്‌ത്രജ്ഞരിലുമെല്ലാം ഒരു വലിയ പങ്ക്‌ ഇന്ത്യയില്‍ നിന്നുള്ള യുവാക്കളാണെന്നിരിക്കെ എന്തുകൊണ്ട്‌ നാല്‍പ്പത്തിയെട്ടുകാരനായ ബറാക്‌ ഒബാമയേപോലെയോ നാല്‍പ്പത്തിനാലുകരനായ ദിമിത്രി മെദ്വദേവിനെപോലെയോ ചെറുപ്രായത്തില്‍ തന്നെ രാജ്യത്തിന്റെ തലവനായി രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിച്ച്‌ കഴിവുതെളിയിച്ച ഒരു യുവാവുണ്ടാകുന്നില്ല ?. ഇന്ന്‌ ലോക നേതാക്കളില്‍ ഭൂരിഭാഗവും നാല്‍പ്പതിലും അമ്പതുകളിലുമുള്ളവരാണ്‌. എന്നാല്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ അറുപതില്‍ താഴെയുള്ളവരായിട്ട്‌ ആകെ നാലു പ്രധാനമന്ത്രിമാര്‍ മാത്രമാണ്‌ ഉണ്ടായത്‌. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയായിരുന്നു ആ സ്ഥാനലബ്‌ദി അദ്ദേഹത്തിന്റെ നാല്‍പ്പതാം വയസ്സില്‍ അവിചാരിതമായി വന്നു ചേര്‍ന്നതുമായിരുന്നു. 49 ാം വയസ്സില്‍ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയും അമ്പത്തിയെട്ടില്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹറുവും വി പി സിംഗുമാണ്‌ പെന്‍ഷന്‍ പ്രായമായ 60 വയസ്‌ കഴിയുന്നതിനു മുമ്പേ പ്രധാനമന്ത്രി സ്ഥാനത്ത്‌ അവരോധിക്കപ്പെട്ടവര്‍. ഇതില്‍ തന്നെ ഇന്ദിരാഗാന്ധി 67 വയസ്സുവരെയും നെഹറു 77 വയസ്സുവരെയും രാജ്യം ഭരിച്ചു. ലോകത്തെ രാഷ്‌ട്രനേതാക്കളില്‍ തന്നെ പ്രായം കൂടിയവരിലൊരാളാണ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗ്‌ (75). എണ്‍പതിലും എണ്‍പത്തിമൂന്നിലും രാജ്യം ഭരിച്ച മൊറാര്‍ജി ദേശായിയും വാജ്‌പേയിയുമടക്കം ഇന്ത്യഭരിച്ച ഏഴ്‌ പ്രധാനമന്ത്രിമാരും എഴുപതുകഴിഞ്ഞവരും എണ്‍പതിനോടടുത്തെത്തി വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങള്‍ രൂക്ഷമായി അനുഭവിക്കുന്നവരായിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ തലപ്പത്തെന്ന പോലെ തന്നെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും മന്ത്രിമാരുമടങ്ങുന്ന രാഷ്‌ട്രത്തലവന്മാരുടെ സ്ഥാനത്തേക്ക്‌ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ എത്രപേര്‍ വന്നു എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. രാഷ്‌ട്രപതിമാരില്‍ ബഹുഭൂരിപക്ഷവും എഴുപതിന്റെ അവസാനപാദത്തിലും എണ്‍പതിലും രാജ്യം ഭരിച്ചവരാണ്‌. ബ്രിട്ടണില്‍ ടോണിബ്ലെയര്‍ രാഷ്‌ട്രീയത്തില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തത്‌ അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാമത്തെ വയസ്സിലാണ്‌. ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരായ വെനിസ്വലന്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസ്‌ (54), ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സാര്‍ക്കോസി (54), ബ്രിട്ടണിലെ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ (58), ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ്‌ (52), ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കല്‍ (55), ഇറാന്‍ പ്രസിഡന്റ്‌ മൊഹമ്മദ്‌ അഹമ്മദി നെജാദ്‌ (53), പാകിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗീലാനി (57) ഈ ശ്രേണിയിലേക്കാണ്‌ എഴുപതിലും എണ്‍പതിലുമെത്തിനില്‍ക്കുന്ന നേതാക്കള്‍ ഇന്ത്യയെ നയിക്കുന്നത്‌. ഒബാമയെയും മെദ്വദേവിനേയും അഹമ്മദി നെജാദിനേയും പോലെ ഊര്‍ജ്ജസ്വലമാകാന്‍ ബൈപാസ്‌ സര്‍ജ്ജറി കഴിഞ്ഞ്‌ ക്ഷീണം വിട്ടുമാറാത്ത മന്‍മോഹന്‍ സിംഗിനു കഴിയുമോ ചോദ്യവും പ്രസക്തമാണ്‌.
ആദ്യത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ജവഹര്‍ലാല്‍ നെഹറുവിന്റെ കാലം മുതല്‍ മന്‍മോഹന്‍സിംഗ്‌ മന്ത്രിസഭയിലെ ദയാനിധി മാരന്‍ വരെ നിരവധി ആര്‍ജ്ജവമുള്ള യുവാക്കളെ നമുക്ക്‌ കണ്ടെടുക്കാന്‍ കഴിയും. ജെ ആര്‍ ഡി ടാറ്റാ, ജമന്‍ലാല്‍ ബജാജ്‌, ഖനശ്യാം ദാസ്‌ ബിര്‍ള തുടങ്ങിയ വ്യവസായ പ്രമുഖരുമായി കൈകോര്‍ത്ത്‌ ബ്രിട്ടീഷുകാര്‍ ധൂര്‍ത്തടിച്ച ഇന്ത്യയെ കെട്ടിപ്പൊക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്‌ ജവഹര്‍ലാല്‍ നെഹറുവിന്റെ കാലത്തായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളെ പോലും അവഗണിച്ച്‌ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്ന ലൈസന്‍സ്‌ ക്വോട്ടാ രാജിന്‌ അന്ത്യം കുറിച്ചത്‌ രാജീവ്‌ ഗാന്ധിയും മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വി പി സിംഗും തുടങ്ങിയിട്ട പരിഷ്‌കരണങ്ങളോടുകൂടിയായിരുന്നു. ഈ നയമാണ്‌ പിന്നീട്‌ റാവു സര്‍ക്കാരും അദ്ദേഹത്തിന്റെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിഹും പി ചിദംബരവും എക്കണോമിക്‌ പോളിസി മേക്കര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മൊണ്ടേക്‌ സിംഗ്‌ ആലുവാലിയയുമൊക്കെ ചേര്‍ന്ന്‌ പൂര്‍ത്തിയാക്കിയത്‌. കപില്‍ സിബലും മണിശങ്കര്‍ അയ്യരുമടങ്ങുന്ന ബ്യൂറോക്രാറ്റുകളും മാനേജ്‌മെന്റ്‌ വിദഗ്‌ദരും ശാസ്‌ത്രജ്ഞരുമടങ്ങുന്ന പ്രൊഫഷണലുകളെ രാഷ്‌ട്രീയത്തിലേക്ക്‌ ആനയിക്കുകയും അവരെ രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്ന രീതിക്ക്‌ പ്രചാരം നല്‍കിയത്‌ രാജീവ്‌ ഗാന്ധിയാണ്‌ ഇതാണ്‌ തൊട്ടുപിന്നാലെ ബി ജെ പി യടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചത്‌. പ്രമോദ്‌ മഹാജന്‍ എന്ന `യുവാവ്‌' ബി ജെ പിയുടെ രാഷ്ട്രീയമായ വളര്‍ച്ചക്ക്‌ വലിയ പങ്കുവഹിച്ചു. അരുണ്‍ ജെയ്‌റ്റ്‌ലിയും സുഷമാ സ്വരാജും ജയാജയ്‌റ്റിലിയുമൊക്കെയടങ്ങുന്ന യുവ നിര ബി ജെ പിയെന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ ഉണര്‍വ്‌ നല്‍കിയത്‌ തൊണ്ണൂറുകളിലാണ്‌. ഇതിനെ പിന്തുടര്‍ന്ന്‌ വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും ജെ എന്‍ യുവില്‍ നിന്നുമൊക്കെ പ്രൊഫഷണല്‍ പൊളിറ്റീഷ്യന്മാരെ ഇറക്കുമതി ചെയ്യുന്ന പ്രവണത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ആരംഭിച്ചു. എണ്‍പതുകളുടെ അവസാന പാദം മുതലിങ്ങോട്ട്‌ ഇന്ത്യയുടെ സാങ്കേതിക - സാമ്പത്തിക മണ്‌ഡലങ്ങളില്‍ നടന്ന വിപ്ലവമായ മാറ്റങ്ങള്‍ക്കു പിന്നില്‍ യുവാക്കളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നെന്ന്‌ കാണാം.
മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച്‌ യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ്‌ ഇന്ത്യയില്‍. ആസൂത്രിതമായ നീക്കങ്ങളിലൂടെ രാജ്യത്തെ മുന്‍നിരയിലെത്തിക്കുവാന്‍ കമ്മ്യൂണിസ്റ്റ്‌ ചൈനയിലെ ഭരണകൂടത്തിന്‌ കഴിഞ്ഞു. ഉട്ടോപ്യന്‍ ആശയങ്ങള്‍ക്കു പിന്നാലെ പോകാത്ത, ഗൃഹാതുര രാഷ്‌ട്രീയത്തോട്‌ ആഭിമുഖ്യം പുലര്‍ത്താത്ത, പ്രായോഗികതയിലൂന്നിയ രാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്‌ ഇന്ത്യയിലെ പുതുതലമുറയില്‍ ഭൂരിപക്ഷവും. ജനസംഖ്യയില്‍ യുവാക്കളുടെ അനുപാതം കണക്കിലെടുത്ത്‌ ഭരണസംവിധാനങ്ങളിലും രാഷ്‌ട്രീയപാര്‍ട്ടികളിലും `കഴിവുള്ള' യുവാക്കളെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാലത്തിനൊത്ത്‌ മാറ്റിയെഴുതാത്ത രാഷ്‌ട്രീയ വീക്ഷണങ്ങളുടെ ഇരയാണ്‌ അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന യുവജന പ്രസ്ഥാനങ്ങള്‍. യുവജന പ്രസ്ഥാനങ്ങളുടെ അപചയം യുവാക്കളുടെ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ബോധത്തെയാണ്‌ കാണിക്കുന്നത്‌. ഇനിയും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതിയും കാലഹരണപ്പെട്ട കീഴ്‌വഴക്കങ്ങളും മാറ്റിയെഴുതിയില്ലെങ്കില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്ക്‌ ഭരണകൂടത്തില്‍ വിശ്വാസം നഷ്‌ടപ്പെടും. ജനാധിപത്യഭരണകൂടമെന്നത്‌ വെറും പ്രഹസനമായി മാറും