Thursday, November 23, 2006

മതികെട്ടാനോളം വരുമോ മുല്ലപ്പെരിയാര്‍

മിഴ്നാട്‌ മൂഖ്യമന്ത്രി കരുണാനിധിക്ക്‌ കറുത്ത കണ്ണട വച്ച്‌ ഇരുട്ടാക്കാം... കേരള മുഖ്യന്‍ സഖാവ്‌ വി എസ്‌ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ നന്നേ ബുദ്ധിമുട്ടും. കണ്ണടച്ച്‌ ഇരുട്ടാക്കിയാലും കണ്ണടവെച്ച്‌ ഇരുട്ടാക്കിയാലും ഫലമൊന്നാണ്‌... കട്ടപിടിച്ച ഇരുട്ട്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു താഴേ ജീവിക്കുന്ന മൂന്നു മൂന്നര ജില്ലകളിലെ എത്രയോ ലക്ഷം പേരുടെ ഭാവി ജീവിതം കട്ട പിടിച്ച ഇരുട്ടാണ്‌.

വായ വലിച്ചു നീട്ടി കണ്ണടച്ച്‌ ഇരുട്ടാക്കുന്ന വിദ്യ വി എസ്‌ ഈയിടെ പഠിച്ചതാണ്‌. കേരള സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയല്ലേ ഇതല്ല ഇതിനപ്പുറത്തെ ഗോഷ്ടികളും ചിലപ്പോള്‍ കാണിക്കേണ്ടിവരും.. പണ്ടായിരുന്നെങ്കില്‍ മറ്റാരെങ്കിലും എത്തുന്നതിനു മുമ്പേ വി എസ്‌ മുല്ലപ്പെരിയാറില്‍ എത്തിയേനെ. എന്തു ചെയ്യാന്‍. പണ്ടൊക്കെ പിള്ളേര്‍ അച്ചുമ്മാവനെന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്‌. ഇപ്പോള്‍ അച്ചുമുത്തഛനെന്നു വിളിക്കേണ്ട അവസ്ഥയാണ്‌. പഴയപോലെ മലകയറാന്‍ വയ്യ. മതികെട്ടാനിലും മറ്റും കയറിയിറങ്ങി കാലിനു നല്ല നീരാണ്‌. കാല്‍ മുട്ടു മാറ്റിവെക്കേണ്ടിവരുമോ എന്നു പേടിച്ചാണ്‌ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പോകാതിരുന്നത്‌. അങ്ങനെയിരിക്കുമ്പോള്‍ എപ്പോഴുമെപ്പോഴും മലകയറാനാകുമോ. അല്ലാതെ ഭരണത്തിലിരിക്കുമ്പോ പഴയ ശൌര്യം പോയതുകൊണ്ടൊന്നുമല്ല. ജലനിരപ്പുയര്‍ന്നയുടനെ ഇത്രയും കാലം അധികം തടിയനങ്ങാതിരുന്ന കെ പി രാജേന്ദ്രനേയും എന്‍ കെ പ്രേമചന്ദ്രനേയും അങ്ങോട്ടയച്ചില്ലേ. പിള്ളാരും മലകയറ്റം പഠിക്കട്ടെ. മുഖ്യമന്ത്രിയല്ലേ പ്രതിപക്ഷ നേതാവല്ലല്ലോ. നാട്ടിലെന്തൊക്കെ നോക്കാനിരിക്കുന്നു. ഇതുവല്ലതും പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി അറിയുന്നുണ്ടോ.

ഡാമല്ലെ...ചില വിള്ളലുകളും കനിച്ചിലുമൊക്കെയുണ്ടാകും. അതെന്തിനാ ചില പത്രങ്ങള്‍ മാത്രം ഊതിപ്പെരുപ്പിച്ചുകാണിക്കുന്നത്‌...മുഖ്യമന്ത്രി ഇത്രയല്ലേ ചോദിച്ചുള്ളൂ. മുല്ലപ്പെരിയാറിണ്റ്റെ ആരോഗ്യസ്ഥിതിക്കു ക്ളീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാഞ്ഞത്‌ മലയാളിയുടെ ഭാഗ്യം.

തമിഴ്നാട്ടില്‍ നല്ല കനത്ത മഴയാണ്‌...കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി.... മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടാല്‍ തമിഴ്നാട്‌ പ്രളയത്തിലാകും. പച്ചക്കറിത്തോട്ടങ്ങള്‍ നശിക്കും. പിന്നെയെങ്ങനെ മലയാളി സാമ്പാറും അവിയലും ഉണ്ടാക്കും. വര്‍ഷങ്ങളായി നമ്മെ തീറ്റിപ്പോറ്റുന്നതുകൊണ്ടാണ്‌ തമിഴന്‌ മുല്ലപ്പെരിയാര്‍ മാത്രമല്ല നെയ്യാറിലെ ജലം കൂടി തരാമെന്നു പറഞ്ഞത്‌. ഇതില്‍ കൂടുതല്‍ ഉപകാരം കേരള ചരിത്രത്തിലെ ഏതു സര്‍ക്കാരാണ്‌ ചെയ്തിട്ടുള്ളത്‌. മധ്യ തിരുവിതാംകൂറിലെ എത്രയെത്ര മലയാളികളാണ്‌ തമിഴ്നാടിനു വേണ്ടി മരിക്കാന്‍ തയ്യാറായി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്‌. നിന്നെപ്പോലെ നിണ്റ്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്നല്ലേ പ്രമാണം.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ 139 ഓളം അടിയായി. 136 ല്‍നിന്ന്‌ 142 അടിയാക്കാമെന്ന സുപ്രീം കോടതി ഉത്തരവ്‌ അനുസരിക്കാന്‍ കേരളം മടികാണിച്ചപ്പോള്‍ വിരലിലെണ്ണാവുന്ന അത്രയേ ഉള്ളുവെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചാടിമരിക്കാന്‍ ചിലരെങ്കിലും എത്തി. ഡാം അപകടാവസ്ഥയിലായിട്ടും മുഖ്യമന്ത്രിയുടെ പാര്‍ട്ടി തീറ്റിപ്പോറ്റി വളര്‍ത്തിയ യുവസംഘടനകളേയൊന്നും ആ വഴിക്ക്‌ കണ്ടില്ല. അഞ്ചുവര്‍ഷം ബസിനു കല്ലെറിഞ്ഞും പ്രകടനം നടത്തിയും പോലീസിണ്റ്റെ അടികൊണ്ടും ക്ഷീണിച്ചതല്ലേ. ഇനി വിശ്രമകാലമാണ്‌. ചോരത്തിളപ്പു കൂടുതലുള്ളര്‍ക്കൊക്കെ തണുത്തുവിറക്കുന്ന മുറിയും കാറും ബംഗ്ളാവുമൊക്കെ കൊടുത്തു. ബാക്കിയുള്ളവര്‍ കോട്ടക്കലും മറ്റും സുഖ ചികിത്സയിലാണ്‌. ഒരു ചെയ്ഞ്ച്‌ ആര്‍ക്കാണ്‌ ഇഷ്ടമില്ലാത്തത്‌. തിരക്കെല്ലാം കഴിഞ്ഞ്‌ തമിഴില്‍ പേരെഴുതിയ ബസുകളില്‍ കുറച്ചെണ്ണം തീവെച്ചു നശിപ്പിക്കാം. പോരെ..

കോഴിമുട്ടയും ശര്‍ക്കരയും ചുണ്ണാമ്പുമൊക്കെ കൂട്ടിക്കുഴച്ചുണ്ടാക്കിയ അണക്കെട്ടാണ്‌. അണക്കെട്ടുണ്ടാക്കിയവരുടെ കൊച്ചുമക്കള്‍ പോലും ഇന്ന്‌ ജീവിച്ചിരിപ്പുണ്ടോ എന്നു സംശയം. പഴയതല്ലേ പൂര്‍വാധികം ശക്തിയോടെ നിലനിന്നോളും. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്നല്ലേ . നെല്ലുവിളയിക്കാന്‍ വേണ്ടി മാത്രമായിരുന്നു മുല്ലപ്പെരിയാറില്‍ അണകെട്ടി വെള്ളം വിട്ടുകൊടുക്കാമെന്ന്‌ അന്നത്തെ തിരുവിതാംകൂറ്‍ മഹാരാജാവ്‌ സമ്മതിച്ചത്‌. തമിഴന്‍ സ്വന്തം നാടിനു വേണ്ടി എന്തും ചെയ്യും. പിന്നീട്‌ ജല സേചനം ജലവൈദ്യുത പദ്ധതിയായി. ചൂഷണം അതിരുവിടുന്നുവെന്ന്‌ കണ്ടപ്പോള്‍ നമുക്കുവേണ്ടി വാദിക്കാന്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ. അതും സര്‍ സി പി രാമസ്വാമി അയ്യര്‍ എന്ന ഒരു തമിഴന്‍. പിന്നീട്‌ വര്‍ഷങ്ങള്‍ ജലചൂഷണം തുടര്‍ന്നു. നൂറ്റാണ്ട്‌ ഒന്നു കഴിഞ്ഞപ്പോഴാണ്‌ ഇടുക്കി ചെറുതായി ഒന്ന്‌ കുലുങ്ങിയത്‌. തമിഴണ്റ്റെ കഷ്ടകാലം. അപ്പോഴാണ്‌ മുല്ലപ്പെരിയാറിണ്റ്റെ സുരക്ഷയേപ്പറ്റി മലയാളി ചിന്തിച്ചു തുടങ്ങിയത്‌. വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന കേരളം കണ്ട കരുത്തനായ പ്രതിപക്ഷ നേതാവ്‌ അണക്കെട്ട്‌ പരിശോധിക്കാന്‍ മുല്ലപ്പെരിയാറില്‍ കയറിയിറങ്ങിയതിന്‌ കയ്യും കണക്കുമില്ല. കേരളത്തിണ്റ്റെ ജലം തമിഴ്നാട്‌ ഒളിഞ്ഞും തെളിഞ്ഞും കടത്തിക്കൊണ്ടുപോകുന്നതില്‍ ജയലളിതയേയും കരുണാനിധിയേയും എന്തിന്‌ എം ജി ആറിനെ വരെ എത്രതവണ ചീത്ത വിളിച്ചതാണ്‌. അത്‌ അന്തക്കാലം.

മാരാരിക്കുളത്തു തോറ്റ അച്യതാനന്ദന്‍ മലമ്പുഴയില്‍ ജയിച്ച്‌ അക്ഷരാര്‍ത്ഥത്തില്‍ വേലിക്കകത്തായത്‌ ഇപ്പോഴാണ്‌. മുല്ലപ്പെരിയാറും കാടും മലയും കഞ്ചാവും മാത്രം നോക്കിയാ മതിയോ? കേരളത്തിലെ മുഖ്യമന്ത്രിയല്ലേ. നാലര വര്‍ഷം കൂടി കഴിയട്ടേ. അഞ്ചുവര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ്‌ അച്ചുതാനന്ദന്‍ തിരിച്ചു വരും ചില കളികള്‍ കാണാനും ചില കളികള്‍ പഠിപ്പിക്കാനും. കാത്തിരിക്കുക.

5 comments:

Sreejith K. said...

കലക്കന്‍ ലേഖനം. ഇഷ്ടമായി.

കമന്റ് മോഡറേഷന്‍ അവശ്യമോ?

ലിഡിയ said...

നന്ദുവേട്ടാ, ഇതും സി.എം, ഓഫീസിലേയ്ക്ക് ഒന്ന് അയച്ച് നോക്കൂ, ഇതിനും അങ്ങനെ തന്നെ പ്രതികരിക്കുമോ എന്ന അറിയട്ടെ, പറയാന്‍ പറ്റില്ല, ആല് കിളിര്‍ത്താല്‍ അതും തണലാകുന്ന നമ്മുടെ ഭരണകര്‍ത്താക്കളെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം..പിന്നെ ദൈവത്തിന് നേര്‍ച്ചയോ മറ്റോ നേരാം,മഴ കുറയാനും ഡാം വിള്ളാതിരിക്കാനും..എത്രകാലത്തേയ്ക്ക്.

(കമന്റ് മോഡറേഷന്‍ മാറ്റിക്കൂടെ)

-പാര്‍വതി

ദിവാസ്വപ്നം said...

vow, this is a good article.

like your language&style.

Deepak Gopi said...

update cheyyunille mashe?

Unknown said...

O my god. this is the way to write. we need many writters in this blog.

SFI tought me to strike against private colleages. I did participated in it, demolished many public properties without thinking a bit. good amount of CPI/CPM leader's kids were studying in private colleages in other states. the only poor man in kerala are SCREWED by this idiot leaders.

SFI/DYFI will come with a vengence mood only they are out of power.

how many times they striked for pamolin case in kerala. they wont utter a single word against current multiple crore bribary case...its all gift!


hat off to you buddy. you have a vote from me.