Monday, September 04, 2006

നാല്‍പ്പത്തഞ്ചുഡിഗ്രിയില്‍ ....

ദാ വീണ്ടും വിവാദം. വിഷയം പഴയതുപോലെ പെണ്ണുകേസുതന്നെ...ചെന്നൈയില്‍ നിന്നും ഏതോ മദ്യക്കമ്പനിയുടെ വിമാനം ലൈറ്റണച്ച്‌ സ്റ്റാര്‍ട്ടുചെയ്യുന്ന സമയം നോക്കി ഒരു മുന്‍ വാര്‍ത്താവായനക്കാരിയെ ആരോ തട്ടീന്നോ മുട്ടീന്നോ ഒക്കെയാണ്‌ ചാനലുകള്‍ പറഞ്ഞുപരത്തുന്നത്‌.

അന്ന്‌ ഒരു മൂന്നാം തിയ്യതി വ്യാഴായ്ചയായിരുന്നു. വ്യാഴാഴ്ച പ്രശ്നമുണ്ടാക്കാന്‍ പറ്റിയ ദിവസമല്ല. അതുകൊണ്ടായിരിക്കണം അവര്‍ ഒരു വെള്ളക്കടലാസില്‍ പരാതിയെഴുതി പെയിലറ്റിനെ ഏല്‍പ്പിച്ച്‌ മുങ്ങിയത്‌. പിന്നീട്‌ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരാണോ എന്നറിയില്ല ഏതോ ഒരു പണിക്കര്‍ പറഞ്ഞതനുസരിച്ച്‌ ഇരുപത്തിയൊന്നാം തിയ്യതി തിങ്കളാഴ്ച നല്ലദിവസം നോക്കി പത്രക്കാരെയെല്ലാം വിളിച്ചുകൂട്ടി കാര്യം പറഞ്ഞത്‌. എട്ടുദിവസം ഇക്കാര്യം എങ്ങനേയാണ്‌ വാര്‍ത്താവായനക്കാരിയമ്മ മനസിന്റെ മതിലുചാടാതെ കാത്തുസൂക്ഷിച്ചതെന്ന്‌ ഭര്‍ത്താവദ്ദേഹത്തിനു മാത്രമേ അറിയൂ.

പ്രതി ആളൊരു വി ഐ പിയാണ്‌,രാഷ്ട്രീയക്കാരനാണ്‌, ജോലിയിലുണ്ട്‌ കൂലിയിലില്ല, സമൂഹത്തിലുണ്ട്‌ ചാനലില്ല,ഫ്ലാറ്റിലുണ്ട്‌ ഷോപ്പിംഗ്‌ കോംപ്ലക്സിലില്ല, എന്നെക്കൊന്നാലും അത്‌ പി ജെ ജോസഫാണെന്ന്‌ പറയില്ല എന്നൊക്കെയാണ്‌ ഭര്‍ത്താവങ്ങൂന്ന്‌ തട്ടിവിട്ടത്‌. പി ജെ ജോസഫ്‌ രാഷ്ട്രീത്തിലിറങ്ങുന്നതിനുമുമ്പേ വാര്‍ത്താവായനക്കാരിയമ്മ ചാനലിലെ പണി നിര്‍ത്തിയതുകൊണ്ടായിരിക്കണം അദ്ദേഹത്തെ അറിഞ്ഞില്ലത്രേ..അയാള്‍ പത്രംകൊണ്ട്‌ മുഖം മറച്ചിരുന്നു...സഹയാത്രക്കാരിയാണ്‌ ആളാരാണെന്നു പറഞ്ഞുതന്നത്‌ എന്നൊക്കെ വച്ചു കാച്ചി.

എന്തൊക്കെയായാലും പത്രക്കാരുടെ സമയം തന്നെ. വിവാദം പുകയുമ്പോള്‍ രാഷ്ട്രീയക്കാര്‍ സ്ഥിരമായി റഫര്‍ ചെയ്യുന്ന ഡിക്ഷ്ണറിയിലെ വാക്കുകളുടെ സ്റ്റോക്ക്‌ തീര്‍ന്നതുകൊണ്ടാകണം ജോസഫ്‌ സംഭവം വ്യക്തമായി കാര്യകാരണസഹിതം വിവരിച്ചുകളയാമെന്ന്‌ വച്ചത്‌. വിമാനത്തില്‍ 45 ഡിഗ്രിയില്‍ കിടക്കുമ്പോള്‍ അറിയാതെ തട്ടിപ്പോയതായിരിക്കാം...യ്യേ..ച്ചീച്ചി..തുടര്‍ന്നുപറയാതിരുന്നത്‌ പാവം നിഷ്കളങ്കരായ മലയാളികളുടെ മുജ്ജന്മസുകൃതം.

എന്തൊക്കെയായാലും പി ജെ ജോസഫിന്റെ സമയം...മൈത്രിയില്‍ നിന്നും കരകയറി നാട്ടുകാരോട്‌ പാട്ടും കൂത്തുമായി മൈത്രിയിലായി വരുന്നതേയുള്ളൂ..അപ്പോഴേക്കും അടുത്ത വെടി..തട്ടിപ്പോയത്‌ ഒരു അമ്മൂമ്മയേയല്ലേ വിട്ടുകള എന്നുപറഞ്ഞ്‌ കൂടെക്കൂടിയത്‌ നിഷ്കളങ്കനും നിരായുധനുമായ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ മാത്രം..മാനം പോയില്ലേ ഇനി ജോസഫിന്‌ കടാപ്പുറത്തുകൂടി പാട്ടുപാടി ചങ്കുപൊട്ടി മരിക്കാം.

കാക്കത്തൊള്ളായിരം വര്‍ഷംമുമ്പാണ്‌ ...അന്ന വെള്ളപ്പെയിന്റടിച്ച ആ പഴയ സെക്രട്ടേറിയറ്റ്‌ കെട്ടിടത്തിലിരുന്ന്‌ ബോറടിച്ചപ്പോള്‍ കാറ്റുകൊള്ളാനിറങ്ങിയ ഒരു മന്ത്രിപുംഗവന്‍ ഏതോ ഒരു സ്ത്രീക്ക്‌ ലിഫ്റ്റ്‌ കൊടുത്തിന്റെ പേരില്‍ പുലിവാലുപിടിച്ച്‌ രാജിവെക്കേണ്ടിവന്നത്‌ ചരിത്രം. വര്‍ഷങ്ങള്‍ക്കുശേഷം ശീതീകരിച്ച മുറിക്കകത്തിരുന്ന മറ്റൊരു വിനീതനായ മന്ത്രി കോയിക്കോട്ട്‌ ഐസ്ക്രീം നുണയാന്‍ പോയതും നമ്മള്‍ മഞ്ഞചേര്‍ത്തും അല്ലാതെയുമൊക്കെ വായിച്ചു രസിച്ചതാണ്‌. അതിവേഗത്തിലോടുന്ന അമൃതാ എക്സ്പ്രസില്‍ മുന്‍ മുഖ്യന്റെ ക്യാബിനില്‍ നീളമുള്ള തലമുടി കണ്ടൂന്നുപറഞ്ഞ്‌ ബഹളം വെച്ചെങ്കിലും ബഹളം വെച്ചവര്‍തന്നെ പിന്നീട്‌ ചമ്മി.

അങ്ങനെ എന്തൊക്കെ കഴിഞ്ഞു, എന്തൊക്കെ വരാനിരിക്കുന്നു....എന്തുചെയ്യാം ഇതൊക്കെ അനുഭവിക്കാന്‍ നമുക്ക്‌ രണ്ട്‌ കണ്ണും രണ്ടു കാതും മാത്രമല്ലേയുള്ളൂ..ഇനിവേണമെങ്കില്‍ മൂക്കും പൊത്താം..നാറ്റം അസഹനീയമായിത്തുടങ്ങിയിരിക്കുന്നു.

2 comments:

Sreejith K. said...

നല്ല വിമര്‍ശനം ബിം. നല്ല ശൈലി. ഖണ്ഡിക തിരിക്കുന്നതുംകൂടി ശരിയാക്കിയിരുന്നെങ്കില്‍ നല്ല ഒന്നാംതരം ലേഖനം.

കമന്റുകള്‍ അയക്കുന്ന വിലാസം pinmozhikal@gmail.com എന്നാക്കിക്കാണുമെന്ന് പ്രതീക്ഷിക്കട്ടെ. കൂടാതെ ഈ ബ്ലോഗിന്റെ പേരും മലയാളത്തില്‍ ആക്കണമെന്ന് അപേക്ഷിക്കുന്നു. എങ്കിലത് മലയാളം ബ്ലോഗ്‌റോളില്‍ അക്ഷരമാല ക്രമത്തില്‍ വന്നേനേ.

Anonymous said...

വിവാദം പുകയുമ്പോള്‍ രാഷ്ട്രീയക്കാര്‍ സ്ഥിരമായി റഫര്‍ ചെയ്യുന്ന ഡിക്ഷ്ണറിയിലെ വാക്കുകളുടെ സ്റ്റോക്ക്‌ തീര്‍ന്നതുകൊണ്ടാകണം ജോസഫ്‌ സംഭവം വ്യക്തമായി കാര്യകാരണസഹിതം വിവരിച്ചുകളയാമെന്ന്‌ വച്ചത്‌. വിമാനത്തില്‍ 45 ഡിഗ്രിയില്‍ കിടക്കുമ്പോള്‍ അറിയാതെ തട്ടിപ്പോയതായിരിക്കാം...യ്യേ..ച്ചീച്ചി..തുടര്‍ന്നുപറയാതിരുന്നത്‌ പാവം നിഷ്കളങ്കരായ മലയാളികളുടെ മുജ്ജന്മസുകൃതം.