Showing posts with label ഇടതുപക്ഷം. Show all posts
Showing posts with label ഇടതുപക്ഷം. Show all posts

Monday, July 05, 2010

സ്ത്രീ അമ്മയാണ് പെങ്ങളാണ് മഹിളാ അസോസിയേഷനാണ് - അബ്ദുള്ളക്കുട്ടി അത് ചെയ്യരുതായിരുന്നു

പേരില്‍ കുട്ടിയുള്ള രാഷ്ട്രീയക്കാരെല്ലാം പെണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ചും ലീഗുകാരും മൂമ്പ് ലീഗുകാരായിരുന്നവരും. ഇടക്കാലത്ത് സി പി എമ്മിന്റെ നാവും വാലുമൊക്കെ ആയിരുന്ന അബ്ദുള്ളക്കുട്ടിക്ക് ഇക്കാര്യം മറന്നു പോകരുതായിരുന്നു. എന്തൊക്കെയായാലും അബ്ദുള്ളക്കുട്ടി ചെയ്തത് ശരിയായില്ല. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്യുക അതും ഒരു പെണ്‍ക്കുട്ടിക്കൊപ്പം. സകലമാന പുരോഗമന പ്രസ്ഥാനങ്ങളുടേയും ഗര്‍ഭപാത്രമാണെന്ന് അവകാശപ്പെടുന്ന സാക്ഷാല്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് എങ്ങനെ ക്ഷമിക്കാനാകും.

ഇത്തരം അനാശാസ്യം കാണിക്കുന്നവര്‍ക്ക് മാര്‍ക്‌സിസ്റ്റ് പീനല്‍ കൊഡു പ്രകാരം നല്‍കേണ്ട ശിക്ഷ പാര്‍ട്ടി അപ്പോള്‍ തന്നെ ചെയ്തു കാണിച്ചു. നിയമസഭയില്‍ ഇക്കാര്യം വിളിച്ചു പറയാന്‍ ഏതോ ഒരു ചന്ദ്രന്‍ എന്ന് എം എല്‍ എയെ ചുമതലപ്പെടുത്തി. പാര്‍്ട്ടി ചാനലില്‍ വന്‍ ബ്രേക്കിംഗ് ന്യൂസുമാക്കി. അഞ്ചുവര്‍ഷം തടവ് അമ്പതിനായിരം രൂപ പിഴ എന്നു പറയുന്നതു പോലെ. പണ്ടൊരു ഉണ്ണിത്താന്‍ എന്നയാള്‍ ഏതോ ഒരു സ്ത്രീക്കു ലിഫ്റ്റു കൊടുത്തപ്പോഴും ഇത്തരം ശിക്ഷ തന്നെയാണ് പാര്‍ട്ടി നല്‍കിയത്. പിന്നാലെ നടന്ന് സി പി എമ്മുകാര്‍ ഒരു വീട്ടില്‍ വച്ച് അവരെ ലിഫ്റ്റു ചെയ്യുകയായിരുന്നു. കുറ്റം പറയരുതല്ലോ പ്യുവര്‍ സാമൂഹിക പ്രവര്‍ത്തനം. മാര്‍ക്‌സിസ്റ്റ് പീനല്‍ കോഡനുസരിച്ച് ചാനലില്‍ ആഘോഷിക്കുകയും ദേശാഭിമാനിയില്‍ വന്ന സ്ത്രീയുടെ ചിത്രം സഹിതമുള്ള വാര്‍ത്ത കേരളം മുഴുവനും വന്‍ ഫഌക്‌സ് ബോര്‍ഡായി നിരത്തിയതുമാണ്.

സ്ത്രീ അമ്മയാണ് പെങ്ങളാണ് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷനാണ്. കാര്യമൊക്കെ ശരിതന്നെ മര്യാദക്ക് അമ്മയും പെങ്ങളുമായി വീട്ടിലിരുന്നില്ലെങ്കില്‍ പുരോഗമനമൊക്കെ പാര്‍ട്ടിയാപ്പീസിലെ പെട്ടിയിലിരിക്കും. സ്ത്രീകളെ ഒളിഞ്ഞു നോക്കുകയും തുറിച്ചു നോക്കുകയും ചെയ്യുന്നതിനെതിരെ അന്താരാഷ്ട്ര സെമിനാറുകള്‍ ചിലപ്പോള്‍ നടത്തിയെന്നിരിക്കും. പക്ഷേ ഇത്തരം അനാശാസ്യം പൊറുക്കാന്‍ വയ്യ. അതാണ് പാര്‍ട്ടി നയം. ഈ പാര്‍ട്ടിയേക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല.

വാല്‍ക്കഷണം : പണ്ട് മാന്യനായ ഒരു മന്ത്രിയുടെ കാറില്‍ ഒരു സ്ത്രീ യാത്ര ചെയ്യതു. അധികം താമസിയാതെ മന്ത്രിപ്പട്ടം ഊരിവച്ച് ആള്‍ വീട്ടിലിരുന്നു. ഈയിടെ ഒരു തീവണ്ടിയില്‍ മറ്റൊരു ഉന്നത നേതാവ് ഭാര്യക്കൊപ്പം യാത്ര ചെയ്തിട്ടും വെറുതെ വിട്ടില്ല. സ്ത്രീ ഇതുമാതിരി കുഴപ്പക്കാരിയാണെങ്കില്‍ എങ്ങനെ വനിതാ സംവരണ ബില്‍ എങ്ങനെ പാസ്സാകും !!!

Saturday, February 14, 2009

പിണറായി 24 'കാരാട്ട്‌' ഗോള്‍ഡ്‌ (ഒമ്പതാം പ്രതി പാര്‍ട്ടി ?)

"...... തൊഴിലാളി വര്‍ഗ്ഗത്തേയും അധ്വാനിക്കുന്ന ബഹുജനങ്ങളേയും രാജ്യത്തേയും നിസ്വാര്‍ഥമായി സേവിക്കുകയും എല്ലായ്‌പോഴും പാര്‍ട്ടിയുടേയും ജനങ്ങളുടേയും താത്‌പര്യങ്ങളെ സ്വന്തം താത്‌പര്യങ്ങള്‍ക്ക്‌ ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്‌". (പാര്‍ട്ടി പ്രതിജ്ഞ)

പാര്‍ട്ടി പ്രതിജ്ഞ ചൊല്ലി പോരാളിയായ ഒരു കമ്മ്യൂണിസ്‌റ്റുകാരനും പിണറായിയെ കുറ്റപ്പെടുത്താനാകാത്തത്‌ മുകളില്‍ പറഞ്ഞ പ്രതിജ്ഞയുടെ അവസാനത്തെ വരികളില്‍ അത്രയേറെ വിശ്വാസമുള്ളതുകൊണ്ടാണ്‌. കേരളം മുഴുവന്‍ സാധാരണക്കാര്‍ വലിയൊരു ഭൂരിപക്ഷമായ പാര്‍ട്ടിയുടെ യാത്രയില്‍ നാടെങ്ങും ആഘോഷമായി മാറിയതും ആരോപണങ്ങളേറ്റ്‌ പുളയുന്ന സഖാവ്‌ പിണറായിയെ നെഞ്ചോട്‌ ചേര്‍ത്തതും ഇക്കാരണത്താല്‍ തന്നെയാണ്‌. പിണറായി സ്വന്തം പോക്കറ്റിലേക്ക്‌ ചില്ലിക്കാശു വാങ്ങിയില്ലെന്നു വേണം വിശ്വസിക്കാന്‍. സഖാവ്‌ കാരാട്ട്‌ അങ്ങനെയല്ലേ പറഞ്ഞത്‌. പാര്‍ട്ടിയുടെ സമ്മതത്തോടെയാണ്‌ എല്ലാ വിക്രിയകളും ഒപ്പിച്ചതെന്ന്‌.

ഫെബ്രുവരി പതിനാലിന്റെ നിര്‍ണ്ണായക പി ബി യോഗം കഴിഞ്ഞു. സി ബി ഐ കേസില്‍ ഒമ്പതാം പ്രതിയാക്കിയെന്ന്‌ കേരളത്തിലെ ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ച പാര്‍ട്ടി സെക്രട്ടറി പിണറായ വിജയന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു പോന്നു, ഒരു പോറല്‍ പോലും ഏല്‍ക്കാതെ, ലോകം നാളെ രാവിലെ മുതല്‍ നന്നായിരിക്കുമെന്ന്‌ ആണയിട്ടു ഡല്‍ഹിക്കുപോയ സൂപ്പര്‍സഖാവ്‌ വി എസ്‌ അച്യുതാനന്ദര്‍ ഒന്നും മിണ്ടാതെ തിരിച്ചു വിമാനം കയറി.

സഖാവ്‌ കാരാട്ട്‌ പറഞ്ഞത്‌ പാര്‍ട്ടിയുടെ അനുമതിയോടെയാണ്‌ എസ്‌ എന്‍ സി ലാവ്‌ലിനുമായുള്ള കരാറില്‍ പിണറായി ഒപ്പിട്ടതെന്ന്‌. മുകളില്‍ പറഞ്ഞപോലെ സ്വന്തം കാര്യത്തേക്കാള്‍ വലിയതാണ്‌ പാര്‍ട്ടിക്കാര്യം എന്നുകണ്ട്‌ കീഴ്‌ വഴക്കങ്ങളെല്ലാം ലംഘിച്ച്‌ ലാവ്‌്‌ലിനുമായി കരാര്‍ ഒപ്പിട്ട പിണറായി വിജയന്‍ 24 'കാരാട്ട്‌' പ്യുവര്‍ സ്വര്‍ണ്ണമാണെന്നും എല്ലാം പാര്‍ട്ടിയറിഞ്ഞാണ്‌ ചെയ്‌തതെന്നും വിളിച്ചു പറഞ്ഞ സ്ഥിതിക്ക്‌ തെറ്റുചെയ്‌തതാര്‌ പാര്‍ട്ടിയോ അതോ പിണറായിയോ ? ടെണ്ടര്‍ വിളിക്കാതെ നടത്തിയ പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പുനരുദ്ധാരണ പദ്ധതിയില്‍ 374.50 കോടി രൂപ വെറുതെ വെള്ളത്തില്‍ കളഞ്ഞുവെന്ന്‌ സി എ ജി പറഞ്ഞതും പിന്നാലെ സി ബി ഐ പ്രതിയാക്കിയതും നമ്മള്‍ പൊതുജനങ്ങള്‍ വിശ്വസിക്കാതിരിക്കണോ? ജനാധിപത്യ ഭരണസംവിധാനങ്ങള്‍ തങ്ങള്‍ക്കുപുല്ലാണ്‌ പാര്‍ട്ടി മേലാളല്‍ പറയുന്നതാണ്‌ വേദവാക്യം എന്നു കരുതാന്‍ പ്രബുദ്ധകേരളത്തിലെ ജനങ്ങള്‍ എല്ലാവരും നിന്നുതരുമെന്ന്‌ തോന്നുന്നില്ല.

ലോകത്തില്‍ വമ്പന്‍ ആസ്‌തിയുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ മുമ്പനാണ്‌ കേരളത്തിലെ പാര്‍ട്ടിയെന്ന്‌ ഏതു കണ്ണൂര്‍ കമ്മ്യൂണിസ്റ്റുകാരനും സമ്മതിക്കും. പട്ടിണിമാറാത്തവന്‍ ഇന്നും ലെവികൊടുത്തുവളര്‍ത്തുന്ന പാര്‍ട്ടിക്ക്‌ സ്വന്തമായി മൂന്നു ചാനലുണ്ട്‌, എയര്‍കണ്ടീഷന്റ്‌ എ കെ ജി സെന്ററുണ്ട്‌, ഉല്ലസിക്കാന്‍ അമ്യൂസ്‌മെന്റ്‌ പാര്‍ക്കുവരെ ഉണ്ട്‌. ധാര്‍മ്മികമായി ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി നാളെ അഴിമതി നടത്തിയെന്നും കോടികള്‍ വെട്ടിച്ചതില്‍ പങ്കുണ്ടെന്നും കോടതി വിധിച്ചാല്‍ ആ പണം അടിച്ചുമാറ്റിയത്‌ പാര്‍ട്ടി ഫണ്ടിലേക്കാണെന്ന്‌ ജെ എന്‍ യു സഖാവ്‌ കാരാട്ട്‌ പ്രസ്‌താവന ഇറക്കുമോ ആവോ ?

പിണറായി സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കാരാട്ടിന്‌ ഒരു ചുക്കും അറിയില്ല എന്ന്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന തന്നെ തെളിവാണ്‌. സി ബി ഐ റിപ്പോര്‍ട്ട്‌ താന്‍ കണ്ടിട്ടില്ലെന്നു പറയുന്നു. തൊട്ടുപിന്നാലെ താന്‍ കാണാത്ത ആ റിപ്പോര്‍ട്ടില്‍ പിണറായി കുറ്റക്കാരനാണെന്ന്‌ ഒരു പ്രസ്‌താവനയെങ്കിലും ചൂണ്ടികാണിക്കാന്‍ പത്രക്കാരെ വെല്ലുവിളിക്കുന്നു. കാണാത്ത റിപ്പോര്‍ട്ടിന്റ ഉള്ളടക്കത്തില്‍ എന്തോ ഒന്ന്‌ ഇല്ലെന്ന്‌ കാരാട്ടിന്‌ എങ്ങിനെ മനസ്സിലായി ?

എം എല്‍ എയോ എം പിയോ ആയിരുന്നെങ്കില്‍ താന്‍ പിണറായിയോട്‌ രാജിവെക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്ന്‌ കാരാട്ട്‌ വീമ്പു പറയുന്നു. ഒരു തെറ്റും ചെയ്യാത്തനാണ്‌ പിണറായിയെന്ന്‌ ഉറപ്പുണ്ടെങ്കില്‍ എന്തിന്‌ അങ്ങനെ പറയണം ? ആരോപണവിധേയന്‍ സ്ഥാനത്ത്‌ തുടരുന്നതിലെ ധാര്‍മ്മികയാണ്‌ വിഷയമെങ്കില്‍ കമ്മ്യൂണിസ്റ്റുകാരന്‌ എല്ലാത്തിനേക്കാളും വലുതായ പാര്‍ട്ടിസെക്രട്ടറി സ്ഥാനമല്ലേ രാജിവെക്കാന്‍ ആദ്യം പറയേണ്ടത്‌ ?

എന്തിനാ അധികം പറയുന്നത്‌ . നമുക്ക്‌ പാര്‍ട്ടിയെക്കുറിച്ച്‌ ഒന്നും അറിയില്ല ഒരു ചുക്കും അറിയില്ല.

ഓഫ്‌ ടോക്ക്‌ : കേരളഹൈക്കോടതി വിധി പ്രകാരം ലാവ്‌ലിന്‍ കേസില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നത്‌ തെറ്റായ കീഴ്‌ വഴക്കമാണ്‌. പ്രോസിക്യൂഷന്‌ അനുമതി നല്‍കേണ്ടത്‌ സര്‍ക്കാരോ ഗവര്‍ണേറാ ആണ്‌. മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. സര്‍ക്കാര്‍ എന്നാല്‍ പിണറായി. തീരുമാനം ഗോവിന്ദ. മൂന്നുമാസം കഴിയുമ്പോഴേക്കും തെരഞ്ഞെടുപ്പു കഴിഞ്ഞിരിക്കും. തെരഞ്ഞെടുപ്പില്‍ പൊട്ടിയാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവെക്കാന്‍ ആവശ്യപ്പെടാം. കേസ്‌ അഭയാകേസ്‌ പൊങ്ങിവന്നപോലെ വീണ്ടും പൊങ്ങിവരാന്‍ ഇനിയും കാലമെടുക്കും. ഇനിയിപ്പോ പൊങ്ങിവന്നാല്‍ തന്നെ അന്നത്തെ വിഎസിന്റെ അവസ്ഥവച്ച്‌ ഒരു കോംപര്‍മൈസോ അല്ലെങ്കില്‍ പി ബി ലൈനില്‍ രണ്ടാളും പുറത്തോ ആവാം. തെറ്റുതിരുത്താന്‍ ഒരുപാട്‌ അവസരങ്ങളുള്ള ഒരു സാധനത്തെയാണല്ലോ ഈ പാര്‍ട്ടി പാര്‍ട്ടി എന്നു പറയുന്നത്‌

ആ ഹാ...
ഓരോ നിമിഷവും എത്രയെത്ര സാധ്യതകള്‍..


******
Press Communique

The Polit Bureau of the Communist Party of India (Marxist) met in New Delhi on February 14. It has issued the following statement:

SNCLavalin Case

The Polit Bureau reiterated its position that the involvement of Com. Pinarayi Vijayan in the SNC Lavalin case is politically motivated. It is unfortunate that the central investigating agency, the CBI, is not immune from political pressure and influence of the ruling party at the Centre.

The decision to go ahead with the SNC Lavalin contract for renovation of three hydroelectric projects was taken up by the LDF government headed by E.K. Nayanar after it was initiated by the earlier Congressled UDF government. The proposal was discussed by the state secretariat of the Party and Pinarayi Vijayan as the minister for electricity implemented the decision.

The CPI(M) has consistently held that any person holding public office should step down if they face prosecution by the CBI. This does not apply to Com. Vijayan as he is not a minister or holding any public office. The Party will fight the case politically and legally if it comes up in court. 


Monday, November 17, 2008

ഇടതു ചിന്തകളുടെ 'വാക്വം' തീവ്രവാദത്തിന്‌ വളമാകുന്നു

ശക്തമായ യുവജന പ്രസ്ഥാനങ്ങളെന്ന നിലയില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളെ വലതുപക്ഷം പോലും രഹസ്യമായി പ്രകീര്‍ത്തിച്ച കാലമുണ്ടായിരുന്നു കേരളത്തിന്‌. വിദ്യാര്‍ത്ഥിസംഘടനകള്‍ മാത്രമല്ല ഇടതുപക്ഷത്തെ മൊത്തത്തില്‍ തന്നെയും നാടിന്റെ സ്‌പന്ദനത്തിനൊത്ത്‌ നീങ്ങുന്നവരെന്നാണ്‌ കേരളം വിലയിരുത്തിയിരുന്നത്‌. ആ ദീപ്‌തമായ ഓര്‍മ്മ വീണ്ടും ഉണരുന്നത്‌ കേരളത്തില്‍ അടുത്തിടെയായി നടന്നുകൊണ്ടിരിക്കു തീവ്രവാദ ബന്ധങ്ങളുടെയും അറസ്‌റ്റുകളുടെയും പശ്ചാത്തലത്തിലാണ്‌.

സമീപകാലത്തെ ആരോഗ്യകരമല്ലാത്ത മത്സരങ്ങള്‍ ഇടതുപക്ഷത്തെ ഒരു തീവ്ര വലതുപക്ഷമായി മാറ്റിയിരിക്കുന്നു എന്നതില്‍ സംശയമില്ല. ഇടതു പക്ഷ വിചാരങ്ങള്‍ അപചയപ്പെട്ടതോടെ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു വാക്വം വളരെ വലുതാണ്‌. ഈ വാക്വം ആണ്‌ വിഷയം. ഇവിടെ ഇടതു പക്ഷം എന്നത്‌ സി പി എം എന്നോ സി പി ഐ എന്നോ അല്ലാതെ വിശാലമായ അര്‍ത്ഥത്തില്‍ വേണം നോക്കിക്കാണേണ്ടത്‌. ആ ഇടതു പക്ഷം സൃഷ്ടിച്ച വാക്വം മത സംഘടനകളുടേയും, അവരുടെ യുവജന പക്ഷങ്ങളുടേയും, എന്‍ ഡി എഫ്‌ പോലുള്ള തീവ്രവാദം പലപ്പോഴും പ്രകടമായി അവതരിപ്പിക്കുന്ന സംഘടനകളുടെയും വളര്‍ച്ചക്കു കാരണമായി. ഒരു കാലത്ത്‌്‌ ഡി വൈ എഫ്‌ ഐയും എസ്‌ എഫ്‌ ഐയും നാവിന്‍ തുമ്പില്‍ കൊണ്ടുനടന്ന സൂക്തങ്ങളാണ്‌ ഇന്ന്‌ മതാധിഷ്‌ഠിത യുവജന സംഘടനകളിലേക്ക്‌ പറിച്ചു നടപ്പെട്ടത്‌. അവക്ക്‌ അഭൂതപൂര്‍വ്വമായ സ്വീകാര്യതയും ഇന്ന്‌ ലഭിക്കുന്നുണ്ട്‌ എന്നത്‌ സത്യം. 

അതിനു പിന്നില്‍ ചോരത്തിളപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്‌. ഇടതുപക്ഷമെന്നാല്‍ യുവത്വമുള്ള പ്രസ്ഥാനമെന്ന്‌ ഒറ്റ വാക്കില്‍ പറയാം. സ്‌കൂള്‍ തലം തൊട്ട്‌ ചോരച്ചാലുകള്‍ നീന്തിക്കേറിയ ധീരന്മാരുടെ ചോരത്തിളപ്പുള്ള മുദ്രാവാക്യങ്ങള്‍ കേട്ടാണ്‌ യുവാക്കള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. ഇടതുപക്ഷ സംഘടനകള്‍ക്ക്‌ ഈ യുവത്വം അഥവാ ചോരത്തിളപ്പ്‌ തുടര്‍ന്നും കാത്തു സൂക്ഷിക്കാന്‍ കഴിയുമായിരുന്നു. മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായ യുവാക്കള്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ തങ്ങള്‍ക്ക്‌ തോന്നിയ ചോരത്തിളപ്പ്‌ വെറുതെയല്ല എന്ന്‌ സ്ഥാപിക്കാന്‍ ഈ സംഘടനകള്‍ക്ക്‌ പണ്ടു കാലത്ത്‌ കഴിഞ്ഞിരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതിവിശേഷം അതല്ല. ചിന്തിച്ചു തുടങ്ങുമ്പോള്‍ തങ്ങള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങളും നേതാക്കള്‍ മുഴക്കുന്ന ആശയസംവാദങ്ങളും അവരുടെ പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന്‌ മനസ്സിലാകുകയും യുവത്വം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ഇടതുപക്ഷവുമായുള്ള ബന്ധം വിഛേദിക്കുകയും ചെയ്യുന്നു. ഇവിടെ യാണ്‌ ഇടതുപക്ഷം സൃഷ്ടിച്ച വാക്വം അപകടകരമാകുന്നത്‌. ഇത്തരം അസംതൃപ്‌തരായ യുവജന വിഭാഗത്തെ യാണ്‌ തീവ്രവാദ സംഘടനകള്‍ നേരിട്ടോ അല്ലാതെയോ ലക്ഷ്യമിടുന്നത്‌.

ഇടതുപക്ഷസംഘടനകളുടെ മാറിയ പ്രവര്‍ത്തന രീതിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്‌. കണ്ണൂര്‍ മോഡല്‍ എന്ന്‌ അറിയപ്പെടുന്ന ചാവേര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ രാഷ്‌ട്രീയ തീവ്രവാദമാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ചാവേര്‍ പ്രവര്‍ത്തനം പുത്തരിയല്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പുന്നപ്ര-വയലാര്‍ സമരം തന്നെ ഉദാഹരണം. പക്ഷേ നല്ല ഒരു ലക്ഷ്യം അവക്കു പിന്നിലുണ്ടായിരുന്നതുകൊണ്ടു തന്നെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്‌ ആ സംഭവങ്ങളെല്ലാം കരുത്തു നല്‍കി. എന്നാല്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ എന്തു പ്രത്യശാസ്‌ത്രം കാത്തു സൂക്ഷിക്കാനാണ്‌, എന്തു ലക്ഷ്യം നേടാനാണ്‌ ? . പ്രത്യയ ശാസ്‌ത്രത്തിന്റെ പിന്തുണയില്ലാഞ്ഞിട്ടും വെട്ടും കുത്തും നിര്‍ബാധം തുടരുന്നു. യുവാക്കളുടെ തളരാത്ത പ്രതികരണ ശേഷിയുടെ പ്രതീകങ്ങളായി ഈ നീക്കത്തെ എടുത്തുകാണിക്കപ്പെടുന്നുണ്ട്‌ ഇടതു പക്ഷ സൈദ്ധാന്തികര്‍. പ്രതികണ ശേഷിക്കല്ല കുറവു വന്നിട്ടുള്ളത്‌ പ്രത്യയശാസ്‌ത്രത്തിന്റെ കെട്ടുറപ്പിനാണ്‌. ഇങ്ങനെ മിസ്‌ലീഡ്‌ ചെയ്യപ്പെടുന്ന തലമുറയുടെ പ്രതികരണ ശേഷി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിക്കപ്പെടുന്നതു തന്നെയാണ്‌ കണ്ണൂരില്‍ തന്നെ കേരളത്തിലെ തീവ്രവാദ ശൃംഘല വേരുറപ്പിക്കാന്‍ കാരണം.

കമ്മ്യൂണിസ്റ്റ്‌ ടെററിസം
പാശ്ചാത്യ നാടുകളില്‍ കമ്മ്യൂണിസ്റ്റ്‌ ടെററിസം എന്ന ചിന്തക്ക്‌ തീകൊളുത്തപ്പെട്ടിട്ട്‌ നാളേറെയായി. ഇസ്ലാമിക്‌ ടെററിസ്റ്റ്‌ ഗ്രൂപ്പുകള്‍ കഴിഞ്ഞാല്‍ ലോകത്ത്‌ ഏറ്റവും കൂടുതലുള്ളത്‌ മാവോയിസ്റ്റ്‌ പ്രസ്ഥാനങ്ങളടക്കമുള്ള കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളാണെന്നാണ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ കണ്ടെത്തല്‍. തീവ്രവാദത്തെക്കുറിച്ച്‌ സംസാരിക്കാന്‍ അമേരിക്കക്ക്‌ ധാര്‍മ്മികമായ ഒരു അവകാശവുമില്ലെങ്കിലും ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ്‌ തീവ്രവാദം എന്ന ആശയം പ്രചുര പ്രചാരം നേടിയിരിക്കുന്നു എന്നത്‌ തള്ളിക്കളയാനാകില്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്‌ അമേരിക്കയാണെന്നു സ്ഥാപിക്കാനുമാകില്ല. വ്യവസായ ശാലകളിലെ യന്ത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത്‌ ഒരു തരത്തില്‍ തീവ്രവാദമാണെന്ന്‌ പണ്ട്‌ ട്രോട്‌സ്‌കി പറഞ്ഞിട്ടുണ്ട്‌. തൊഴിലാളികള്‍ കൊല്ലപ്പെടുന്നതും മുതലാളിക്ക്‌ വധ ഭീഷണി നല്‍കുന്നതും ഈ വിഭാഗത്തില്‍ പെടും. റഷ്യയിലെ റെഡ്‌ ടെററിന്റെ കാലത്ത്‌ നടന്ന സംഭവങ്ങളും ഇതിലേക്ക്‌ വെളിച്ചം വീശുന്നവയാണ്‌. വഴിതെറ്റിപ്പോയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ എഴുപതുകളുടെ അവസാനം നമ്മള്‍ തിരിച്ചറിഞ്ഞതാണ്‌. നക്‌സല്‍ സംഘടനകള്‍ക്ക്‌ ആശയപരമായ പിന്‍ബലം ഇല്ലാതിരുന്നതാണ്‌ അതിന്റെ തകര്‍ച്ചക്കുപിന്നിലെന്ന്‌ നാം കണ്ടറിഞ്ഞതുമാണ്‌.

പ്രത്യക്ഷത്തിലല്ലെങ്കിലും അത്തരം ചിന്തകള്‍ വഴിതിരിച്ചു വിട്ടാണ്‌ തീവ്രവാദ സംഘടനകള്‍ നമ്മുടെ നാട്ടിലും വേരുറപ്പിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ശക്തമാണെങ്കില്‍ ഇത്തരമൊരു ആശയപരമായ വിടവ്‌ ശക്തമാകുകയില്ലെന്നു മാത്രമല്ല വഴിതെറ്റുന്നവരെ കണ്ടു പിടിച്ച്‌ `നേരെയാക്കാനും' കഴിയുമായിരുന്നു.എന്‍ ഡി എഫ്‌ പോലുള്ള ശക്തികളുടെ വളര്‍ച്ചക്ക്‌ പിന്നില്‍ സി പി എം നയിക്കുന്ന ഇടതുപക്ഷത്തിന്റെ പങ്ക്‌ വളരെ വലുതാണ്‌. ഇടതുപക്ഷം വര്‍ഗ്ഗ ശത്രുക്കളായി കണ്ടത്‌ ആര്‍ എസ്‌ എസിനെയും വി എച്ച്‌ പിയെയും മാത്രമാണ്‌. അതായത്‌ മുസ്ലീം തീവ്രവാദ സംഘടനകളുടെ തീവ്രവാദത്തിലെ പങ്ക്‌ ഇടതുപക്ഷത്തിന്‌ വിഷയമായിരുന്നില്ല. മലബാറിലെ മുസ്ലീങ്ങളുടെ വോട്ടു ബാങ്കിലുള്ള കണ്ണായിരുന്നു ഇതിനു പിന്നില്‍ എന്ന്‌ പിന്നീട്‌ നമ്മള്‍ മനസ്സിലാക്കിയതുമാണ്‌. ഇടതുപക്ഷത്തിന്റെ ഈ നയം എന്‍ ഡി എഫ്‌ പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ വളരാന്‍ സഹായകമായി എന്നു മാത്രമല്ല ഇപ്പോള്‍ ഉയര്‍ന്നു വന്ന തീവ്രവാദ ഭീഷണി ഹിന്ദുവര്‍ഗ്ഗീയ വാദത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വി എച്ച്‌ പി , ആര്‍ എസ്‌ എസ്‌ തുടങ്ങിയ സംഘ്‌പരിവാര്‍ സംഘടനകള്‍ക്ക്‌ വഴിവെട്ടിക്കൊടുക്കുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌.

മദനിയെ മഹാത്മാഗാന്ധിയായി ചിത്രീകരിച്ച ഇടതുപക്ഷത്തിന്റെ നയങ്ങള്‍ക്ക്‌ പക്ഷേ ഇതിലൊന്നും ഒരു ജാള്യതയുമില്ല. പി ഡി പിയുടെ വോട്ട്‌ പരസ്യമായും രഹസ്യമായും വാങ്ങിയ ഇടതുപക്ഷത്തിന്റെ ആഭ്യന്തര മന്ത്രിക്ക്‌ മദനി മോചിതനാകുമ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ചിലവഴിക്കേണ്ടിവരുന്നതില്‍ ദാര്‍ശനീകമായ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തനത്തിലൂടെയാണല്ലോ ശക്തിപ്രാപിക്കുക, മദനിയുടെ മേലുള്ള കുറ്റം തെളിയിക്കപ്പെടുന്നില്ല എന്നു വച്ച്‌ അയാള്‍ കുറ്റവാളിയല്ലെന്നു വരില്ലല്ലോ. കുറ്റം തെളിയിക്കപ്പെടാത്തതിനാല്‍ വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നതിനാല്‍ അയാളെങ്ങനെ ജിവിച്ചിരിക്കുന്ന രക്തസാക്ഷിയാകും. കൊല്ലത്ത്‌ മതില്‍ കെട്ടി തിരിച്ച്‌ തീവ്രവാദ പരിശീലനം നല്‍കിയ മദനി, കോഴിക്കോട്ട്‌ വച്ച്‌ പാകിസ്ഥാന്‌ അനുകുലമായി പ്രസംഗിച്ച മദനി, കാസറ്റുകള്‍ വഴി വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ പ്രചരിപ്പിച്ച മദനി എത്ര പെട്ടെന്നാണ്‌ സി പി എ്‌മ്മിന്റെ സുഹൃത്തുക്കളായത്‌. സൂഫിയ മദനിയെ കസ്‌തൂര്‍ബാ ഗാന്ധിയായി കണ്ട സി പി എമ്മിന്‌ ഇപ്പോള്‍ കളമശ്ശേരി ബസ്‌ കത്തിക്കലിന്‌ ഉണ്ടായിരുന്ന തീവ്രവാദി ബന്ധം - കേസിലെ മലപ്പുറം കാരനായ പ്രതിയാണ്‌ ഈയിടെ കാശ്‌മീരില്‍ കൊല്ലപ്പെട്ടത്‌, ഇദ്ദേഹം സൂഫിയ മദനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു - വെളിച്ചത്തുവന്നപ്പോള്‍ മറുത്തു പറയാന്‍ ഒരു നാണവുമില്ലാതെ പോയി. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ മലപ്പുറത്തിനോ കോഴിക്കോടിനോ ഇല്ലാത്ത തീവ്രവാദി ബന്ധവും എന്‍ഡിഎഫ്‌ അപ്രമാദിത്വവും ഇടതുപക്ഷത്തിന്റെ കണ്ണൂര്‍കോട്ടക്ക്‌ വന്നതെങ്ങനെയെന്നും ചിന്തിക്കേണ്ട വിഷയമാണ്‌. കോഴിക്കോട്‌ ബസ്‌ സ്‌റ്റാന്റിലെ സ്‌ഫോടനവും ജലാറ്റിന്‍ സ്‌റ്റിക്ക്‌ കണ്ടെത്തിയതും ബേപ്പൂര്‍ സ്‌ഫോടനവും കളമശ്ശേരി ബസ്‌ കത്തിക്കലുമടങ്ങുന്ന ക്രിമിനല്‍ - തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേസുകള്‍ വേണ്ടതുപോലെ അമ്പേഷിക്കപ്പെടാഞ്ഞതെന്തെന്നും കേരള മനസാക്ഷിക്കു മുന്നില്‍ ഒരുചോദ്യമായി നിലനില്‍ക്കും.

പറഞ്ഞുവരുമ്പോള്‍ വര്‍ഗ്ഗീയ വാദത്തിനും തീവ്രവാദത്തിനും ഭീഷണിയായിരുന്ന ഇടതുപക്ഷം കേരളത്തില്‍ വര്‍ഗ്ഗീയ വാദത്തെയും തീവ്രവാദത്തെയും പരിപോഷി്‌പ്പിച്ചു എന്നും സംഘ്‌പരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക്‌ വഴിവെക്കുന്നു എന്നും പറയേണ്ടിവരും. ഇടതുപക്ഷം സൃഷ്ടിച്ച ഈ വാക്വം കൂടുതല്‍ വഷളായാല്‍ അവിടെ തീവ്രവാദ സംഘടകളാവും നുഴഞ്ഞു കയറുക.

കേരളത്തിലെ ഇടതുപക്ഷ സംഘടനകളിലെ ബുദ്ധിജീവികളില്‍ മരിച്ചുപോയവരും പുറത്താക്കപ്പെട്ടവരും ഒതുക്കിവയവും കഴിഞ്ഞാല്‍ അവശേഷിക്കുന്നത്‌ കെ ഇ എന്നിനെപോലെ അവസരവാദികളും മൂടുതാങ്ങികളും സ്ഥാനമോഹികളുമായ ബുദ്ധിജീവികളാണ്‌. ഇവര്‍ക്കെങ്ങനെ ഇടതുപക്ഷത്തിനെ നേര്‍വഴിക്ക്‌ നയിക്കാനാകുമെന്നതും ചിന്തിക്കേണ്ടതാണ്‌.