
സമീപകാലത്തെ ആരോഗ്യകരമല്ലാത്ത മത്സരങ്ങള്‍ ഇടതുപക്ഷത്തെ ഒരു തീവ്ര വലതുപക്ഷമായി മാറ്റിയിരിക്കുന്നു എന്നതില്‍ സംശയമില്ല. ഇടതു പക്ഷ വിചാരങ്ങള്‍ അപചയപ്പെട്ടതോടെ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു വാക്വം വളരെ വലുതാണ്. ഈ വാക്വം ആണ് വിഷയം. ഇവിടെ ഇടതു പക്ഷം എന്നത് സി പി എം എന്നോ സി പി ഐ എന്നോ അല്ലാതെ വിശാലമായ അര്‍ത്ഥത്തില്‍ വേണം നോക്കിക്കാണേണ്ടത്. ആ ഇടതു പക്ഷം സൃഷ്ടിച്ച വാക്വം മത സംഘടനകളുടേയും, അവരുടെ യുവജന പക്ഷങ്ങളുടേയും, എന്‍ ഡി എഫ് പോലുള്ള തീവ്രവാദം പലപ്പോഴും പ്രകടമായി അവതരിപ്പിക്കുന്ന സംഘടനകളുടെയും വളര്‍ച്ചക്കു കാരണമായി. ഒരു കാലത്ത്് ഡി വൈ എഫ് ഐയും എസ് എഫ് ഐയും നാവിന് തുമ്പില്‍ കൊണ്ടുനടന്ന സൂക്തങ്ങളാണ് ഇന്ന് മതാധിഷ്ഠിത യുവജന സംഘടനകളിലേക്ക് പറിച്ചു നടപ്പെട്ടത്. അവക്ക് അഭൂതപൂര്‍വ്വമായ സ്വീകാര്യതയും ഇന്ന് ലഭിക്കുന്നുണ്ട് എന്നത് സത്യം.
അതിനു പിന്നില്‍ ചോരത്തിളപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്. ഇടതുപക്ഷമെന്നാല്‍ യുവത്വമുള്ള പ്രസ്ഥാനമെന്ന് ഒറ്റ വാക്കില്‍ പറയാം. സ്കൂള്‍ തലം തൊട്ട് ചോരച്ചാലുകള്‍ നീന്തിക്കേറിയ ധീരന്മാരുടെ ചോരത്തിളപ്പുള്ള മുദ്രാവാക്യങ്ങള്‍ കേട്ടാണ് യുവാക്കള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇടതുപക്ഷ സംഘടനകള്‍ക്ക് ഈ യുവത്വം അഥവാ ചോരത്തിളപ്പ് തുടര്‍ന്നും കാത്തു സൂക്ഷിക്കാന്‍ കഴിയുമായിരുന്നു. മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായ യുവാക്കള്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ തങ്ങള്‍ക്ക് തോന്നിയ ചോരത്തിളപ്പ് വെറുതെയല്ല എന്ന് സ്ഥാപിക്കാന്‍ ഈ സംഘടനകള്‍ക്ക് പണ്ടു കാലത്ത് കഴിഞ്ഞിരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതിവിശേഷം അതല്ല. ചിന്തിച്ചു തുടങ്ങുമ്പോള്‍ തങ്ങള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങളും നേതാക്കള്‍ മുഴക്കുന്ന ആശയസംവാദങ്ങളും അവരുടെ പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് മനസ്സിലാകുകയും യുവത്വം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ഇടതുപക്ഷവുമായുള്ള ബന്ധം വിഛേദിക്കുകയും ചെയ്യുന്നു. ഇവിടെ യാണ് ഇടതുപക്ഷം സൃഷ്ടിച്ച വാക്വം അപകടകരമാകുന്നത്. ഇത്തരം അസംതൃപ്തരായ യുവജന വിഭാഗത്തെ യാണ് തീവ്രവാദ സംഘടനകള്‍ നേരിട്ടോ അല്ലാതെയോ ലക്ഷ്യമിടുന്നത്.
ഇടതുപക്ഷസംഘടനകളുടെ മാറിയ പ്രവര്‍ത്തന രീതിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. കണ്ണൂര്‍ മോഡല്‍ എന്ന് അറിയപ്പെടുന്ന ചാവേര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ തീവ്രവാദമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചാവേര്‍ പ്രവര്‍ത്തനം പുത്തരിയല്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പുന്നപ്ര-വയലാര്‍ സമരം തന്നെ ഉദാഹരണം. പക്ഷേ നല്ല ഒരു ലക്ഷ്യം അവക്കു പിന്നിലുണ്ടായിരുന്നതുകൊണ്ടു തന്നെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ആ സംഭവങ്ങളെല്ലാം കരുത്തു നല്കി. എന്നാല്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്തു പ്രത്യശാസ്ത്രം കാത്തു സൂക്ഷിക്കാനാണ്, എന്തു ലക്ഷ്യം നേടാനാണ് ? . പ്രത്യയ ശാസ്ത്രത്തിന്റെ പിന്തുണയില്ലാഞ്ഞിട്ടും വെട്ടും കുത്തും നിര്‍ബാധം തുടരുന്നു. യുവാക്കളുടെ തളരാത്ത പ്രതികരണ ശേഷിയുടെ പ്രതീകങ്ങളായി ഈ നീക്കത്തെ എടുത്തുകാണിക്കപ്പെടുന്നുണ്ട് ഇടതു പക്ഷ സൈദ്ധാന്തികര്‍. പ്രതികണ ശേഷിക്കല്ല കുറവു വന്നിട്ടുള്ളത് പ്രത്യയശാസ്ത്രത്തിന്റെ കെട്ടുറപ്പിനാണ്. ഇങ്ങനെ മിസ്ലീഡ് ചെയ്യപ്പെടുന്ന തലമുറയുടെ പ്രതികരണ ശേഷി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കപ്പെടുന്നതു തന്നെയാണ് കണ്ണൂരില്‍ തന്നെ കേരളത്തിലെ തീവ്രവാദ ശൃംഘല വേരുറപ്പിക്കാന്‍ കാരണം.
കമ്മ്യൂണിസ്റ്റ് ടെററിസം
പാശ്ചാത്യ നാടുകളില്‍ കമ്മ്യൂണിസ്റ്റ് ടെററിസം എന്ന ചിന്തക്ക് തീകൊളുത്തപ്പെട്ടിട്ട് നാളേറെയായി. ഇസ്ലാമിക് ടെററിസ്റ്റ് ഗ്രൂപ്പുകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതലുള്ളത് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളടക്കമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണ്ടെത്തല്‍. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാന്‍ അമേരിക്കക്ക് ധാര്‍മ്മികമായ ഒരു അവകാശവുമില്ലെങ്കിലും ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ് തീവ്രവാദം എന്ന ആശയം പ്രചുര പ്രചാരം നേടിയിരിക്കുന്നു എന്നത് തള്ളിക്കളയാനാകില്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്നു സ്ഥാപിക്കാനുമാകില്ല. വ്യവസായ ശാലകളിലെ യന്ത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത് ഒരു തരത്തില്‍ തീവ്രവാദമാണെന്ന് പണ്ട് ട്രോട്സ്കി പറഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ കൊല്ലപ്പെടുന്നതും മുതലാളിക്ക് വധ ഭീഷണി നല്‍കുന്നതും ഈ വിഭാഗത്തില്‍ പെടും. റഷ്യയിലെ റെഡ് ടെററിന്റെ കാലത്ത് നടന്ന സംഭവങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നവയാണ്. വഴിതെറ്റിപ്പോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എഴുപതുകളുടെ അവസാനം നമ്മള് തിരിച്ചറിഞ്ഞതാണ്. നക്സല്‍ സംഘടനകള്‍ക്ക് ആശയപരമായ പിന്‍ബലം ഇല്ലാതിരുന്നതാണ് അതിന്റെ തകര്‍ച്ചക്കുപിന്നിലെന്ന് നാം കണ്ടറിഞ്ഞതുമാണ്.
പ്രത്യക്ഷത്തിലല്ലെങ്കിലും അത്തരം ചിന്തകള്‍ വഴിതിരിച്ചു വിട്ടാണ് തീവ്രവാദ സംഘടനകള്‍ നമ്മുടെ നാട്ടിലും വേരുറപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമാണെങ്കില്‍ ഇത്തരമൊരു ആശയപരമായ വിടവ് ശക്തമാകുകയില്ലെന്നു മാത്രമല്ല വഴിതെറ്റുന്നവരെ കണ്ടു പിടിച്ച് `നേരെയാക്കാനും' കഴിയുമായിരുന്നു.എന്‍ ഡി എഫ് പോലുള്ള ശക്തികളുടെ വളര്‍ച്ചക്ക് പിന്നില്‍ സി പി എം നയിക്കുന്ന ഇടതുപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്. ഇടതുപക്ഷം വര്‍ഗ്ഗ ശത്രുക്കളായി കണ്ടത് ആര് എസ് എസിനെയും വി എച്ച് പിയെയും മാത്രമാണ്. അതായത് മുസ്ലീം തീവ്രവാദ സംഘടനകളുടെ തീവ്രവാദത്തിലെ പങ്ക് ഇടതുപക്ഷത്തിന് വിഷയമായിരുന്നില്ല. മലബാറിലെ മുസ്ലീങ്ങളുടെ വോട്ടു ബാങ്കിലുള്ള കണ്ണായിരുന്നു ഇതിനു പിന്നില്‍ എന്ന് പിന്നീട് നമ്മള് മനസ്സിലാക്കിയതുമാണ്. ഇടതുപക്ഷത്തിന്റെ ഈ നയം എന്‍ ഡി എഫ് പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ വളരാന്‍ സഹായകമായി എന്നു മാത്രമല്ല ഇപ്പോള്‍ ഉയര്‍ന്നു വന്ന തീവ്രവാദ ഭീഷണി ഹിന്ദുവര്‍ഗ്ഗീയ വാദത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വി എച്ച് പി , ആര് എസ് എസ് തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വഴിവെട്ടിക്കൊടുക്കുകയുമാണ് ചെയ്തിരിക്കുന്നത്.
മദനിയെ മഹാത്മാഗാന്ധിയായി ചിത്രീകരിച്ച ഇടതുപക്ഷത്തിന്റെ നയങ്ങള്‍ക്ക് പക്ഷേ ഇതിലൊന്നും ഒരു ജാള്യതയുമില്ല. പി ഡി പിയുടെ വോട്ട് പരസ്യമായും രഹസ്യമായും വാങ്ങിയ ഇടതുപക്ഷത്തിന്റെ ആഭ്യന്തര മന്ത്രിക്ക് മദനി മോചിതനാകുമ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ചിലവഴിക്കേണ്ടിവരുന്നതില്‍ ദാര്‍ശനീകമായ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തനത്തിലൂടെയാണല്ലോ ശക്തിപ്രാപിക്കുക, മദനിയുടെ മേലുള്ള കുറ്റം തെളിയിക്കപ്പെടുന്നില്ല എന്നു വച്ച് അയാള്‍ കുറ്റവാളിയല്ലെന്നു വരില്ലല്ലോ. കുറ്റം തെളിയിക്കപ്പെടാത്തതിനാല്‍ വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നതിനാല്‍ അയാളെങ്ങനെ ജിവിച്ചിരിക്കുന്ന രക്തസാക്ഷിയാകും. കൊല്ലത്ത് മതില് കെട്ടി തിരിച്ച് തീവ്രവാദ പരിശീലനം നല്കിയ മദനി, കോഴിക്കോട്ട് വച്ച് പാകിസ്ഥാന് അനുകുലമായി പ്രസംഗിച്ച മദനി, കാസറ്റുകള്‍ വഴി വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ പ്രചരിപ്പിച്ച മദനി എത്ര പെട്ടെന്നാണ് സി പി എ്മ്മിന്റെ സുഹൃത്തുക്കളായത്. സൂഫിയ മദനിയെ കസ്തൂര്‍ബാ ഗാന്ധിയായി കണ്ട സി പി എമ്മിന് ഇപ്പോള്‍ കളമശ്ശേരി ബസ് കത്തിക്കലിന് ഉണ്ടായിരുന്ന തീവ്രവാദി ബന്ധം - കേസിലെ മലപ്പുറം കാരനായ പ്രതിയാണ് ഈയിടെ കാശ്മീരില്‍ കൊല്ലപ്പെട്ടത്, ഇദ്ദേഹം സൂഫിയ മദനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു - വെളിച്ചത്തുവന്നപ്പോള്‍ മറുത്തു പറയാന്‍ ഒരു നാണവുമില്ലാതെ പോയി. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ മലപ്പുറത്തിനോ കോഴിക്കോടിനോ ഇല്ലാത്ത തീവ്രവാദി ബന്ധവും എന്‍ഡിഎഫ് അപ്രമാദിത്വവും ഇടതുപക്ഷത്തിന്റെ കണ്ണൂര്‍കോട്ടക്ക് വന്നതെങ്ങനെയെന്നും ചിന്തിക്കേണ്ട വിഷയമാണ്. കോഴിക്കോട് ബസ് സ്റ്റാന്റിലെ സ്ഫോടനവും ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയതും ബേപ്പൂര്‍ സ്ഫോടനവും കളമശ്ശേരി ബസ് കത്തിക്കലുമടങ്ങുന്ന ക്രിമിനല്‍ - തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേസുകള്‍ വേണ്ടതുപോലെ അമ്പേഷിക്കപ്പെടാഞ്ഞതെന്തെന്നും കേരള മനസാക്ഷിക്കു മുന്നില്‍ ഒരുചോദ്യമായി നിലനില്ക്കും.
പറഞ്ഞുവരുമ്പോള്‍ വര്‍ഗ്ഗീയ വാദത്തിനും തീവ്രവാദത്തിനും ഭീഷണിയായിരുന്ന ഇടതുപക്ഷം കേരളത്തില്‍ വര്‍ഗ്ഗീയ വാദത്തെയും തീവ്രവാദത്തെയും പരിപോഷി്പ്പിച്ചു എന്നും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് വഴിവെക്കുന്നു എന്നും പറയേണ്ടിവരും. ഇടതുപക്ഷം സൃഷ്ടിച്ച ഈ വാക്വം കൂടുതല്‍ വഷളായാല്‍ അവിടെ തീവ്രവാദ സംഘടകളാവും നുഴഞ്ഞു കയറുക.
കേരളത്തിലെ ഇടതുപക്ഷ സംഘടനകളിലെ ബുദ്ധിജീവികളില്‍ മരിച്ചുപോയവരും പുറത്താക്കപ്പെട്ടവരും ഒതുക്കിവയവും കഴിഞ്ഞാല്‍ അവശേഷിക്കുന്നത് കെ ഇ എന്നിനെപോലെ അവസരവാദികളും മൂടുതാങ്ങികളും സ്ഥാനമോഹികളുമായ ബുദ്ധിജീവികളാണ്. ഇവര്‍ക്കെങ്ങനെ ഇടതുപക്ഷത്തിനെ നേര്‍വഴിക്ക് നയിക്കാനാകുമെന്നതും ചിന്തിക്കേണ്ടതാണ്.