Wednesday, January 31, 2007

പിണറായി പിണങ്ങാറായി....

പാര്‍ട്ടിനന്നാക്കാന്‍ രാപകലില്ലാതെ ഉറക്കമൊഴിഞ്ഞ്‌ പണിയെടുത്തയാളാണ്‌ പിണറായി വിജയന്‍. ഉറക്കപ്പിച്ചു മാറാത്ത ആ കണ്ണില്‍ നോക്കി കാരാട്ടിന്‌ എങ്ങിനെ അതു പറയാന്‍ തോന്നി. സര്‍ക്കാര്‍ കാര്യങ്ങളില്‍ പിണറായിയെ അവഗണിക്കുന്നുവെന്ന തോന്നലാണ്‌ സംസ്ഥാനത്തെ പാര്‍ട്ടിയിലെ ഒരു പ്രധാന പ്രശ്നമത്രേ. അതായത്‌ നല്ല ഇംഗ്ളീഷില്‍ പറഞ്ഞാല്‍ ഇന്‍ഫീരിയോരിറ്റി കോംപ്ളക്സ്‌. സംസ്ഥാന സെക്രട്ടേറിയറ്റില്‍ തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ വി എസിനുമുണ്ടത്രേ.

കാരാട്ടെന്തു പറഞ്ഞാലും പക്ഷേ അച്യുതാനന്ദന്‌ പുല്ലാണ്‌. അച്യുതാനന്ദന്‍ ഇതെത്ര കണ്ടതാ. ഇപ്പറഞ്ഞ കാരാട്ടൊക്കെ വെറും എ ബി സീ ഡി പഠിച്ചു തുടങ്ങിയ കാലത്ത്‌ അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ എ ബി സി ഡി അണികളെ പഠിപ്പിക്കാന്‍ തുടങ്ങിയതാണ്‌. തന്നെ മുഖ്യമന്ത്രിയാക്കിയത്‌ ഇന്നാട്ടിലെ ജനങ്ങളും മാധ്യമങ്ങളുമാണ്‌. അത്‌ കാരാട്ടിനുമറിയാം. അതു കൊണ്ടാണ്‌ കാരാട്ട്‌ അച്ചുമ്മാമനോട്‌ ഈയിടെയായി ഇത്തിരി കൂടുതല്‍ അടുപ്പം കാണിക്കുന്നത്‌. അച്ചുമ്മാമനെ തഴഞ്ഞാല്‍ കാരാട്ടിനെതിരെ മൂര്‍ദ്ധാബാദ്‌ വിളിയുയര്‍ന്നാലോ. കലികാലമാണ്‌, കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ സഖാക്കള്‍ നിരത്തിലിറങ്ങിയ നാടാണ്‌. ചിലപ്പോള്‍ അതും സംഭവിക്കും.

എന്തൊക്കെയായാലും പന്ത്‌ അച്ചുമ്മാമണ്റ്റെ കോര്‍ട്ടിലാണ്‌. എഡിബിക്കാര്യത്തില്‍ തന്നെ പരസ്യമായി ശാസിച്ചു എന്നത്‌ കാരാട്ട്‌ പത്രക്കാരുടെയും പിണറായി പക്ഷക്കാരുടെയും കണ്ണില്‍ പൊടിയിടാന്‍ വേണ്ടി പറഞ്ഞതാണെന്ന്‌ അദ്ദേഹത്തിന്‌ നന്നായി അറിയാം. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ചചെയ്യാതെ എ ഡി ബിയുമായി കരാറൊപ്പിട്ടത്‌ തെറ്റാണെന്ന വി എസിണ്റ്റെ നിലപാടാണ്‌ ശരി എന്നു മാത്രം പറഞ്ഞാല്‍ പിണറായി പക്ഷക്കാര്‍ വെറുതേയിരിക്കുമോ?. അതുപോലെ വ്യാജ സി ഡി ക്കേസില്‍ ഋഷിരാജ്‌ സിംഗിനെ മാറ്റിയ നടപടി തെറ്റാണ്‌. വി എസ്‌ ചെയ്തതാണ്‌ ശരി, സിംഗിനെ തിരിച്ചെടുക്കാനുള്ള നടപടി ആഭ്യന്തരമന്ത്രി കൂടി അറിഞ്ഞുമതിയായിരുന്നു. ഇവിടെയും വോട്ട്‌ വി എസിനു തന്നെ.

ബംഗാളില്‍ ബുദ്ധദേബാണെങ്കില്‍ കേരളത്തില്‍ അത്‌ പിണറായിയാണ്‌. കാലത്തിനനുസരിച്ച്‌ കോലവും മാറണം അതാണ്‌ പിണറായി മന്ത്രം. അതിനു വേണ്ടിയാണ്‌ പിണറായി കാനഡയിലും മറ്റും ഓടി കരാറുപിടിക്കുന്നതും കേരളം മുഴുവന്‍ ഓടി നടന്ന്‌ പണിയെടുക്കുന്നതും. ഇതൊന്നും ഡല്‍ഹിയിലിരിക്കുന്നവര്‍ മനസ്സിലാക്കുന്നില്ല അതിലാണ്‌ പിണറായിക്ക്‌ പരാതി. വളരെ കഷ്ടപ്പെട്ടാണ്‌ സി പി എമ്മിന്‌ പുതിയ ഒരു ഇമേജ്‌ ഉണ്ടാക്കിയത്‌. അതുവരെ അച്യുതാനന്ദന്‍ എന്ന പഴഞ്ചന്‍ കമ്മ്യൂണിസ്റ്റുകാരന്‍ കാടും മലയും കയറിയുണ്ടാക്കിയ ഇമേജിലായിരുന്നു പാര്‍ട്ടി. പഴഞ്ചന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ആര്‍ക്കു വേണം. ഇങ്ങനെ പോയാല്‍ സോവിയറ്റ്‌ റഷ്യയുടെ ഗതി വരും കേരളത്തിനും. അതു നന്നായി അറിയാവുന്നതു കൊണ്ടാണ്‌ ചൈനയുടെ പാതസ്വീകരിക്കുന്നതും ബംഗാളിനെ മാതൃകയാക്കുന്നതും. ഇതൊക്കെ അച്യുതാനന്ദന്‍മാരോടു പറഞ്ഞാല്‍ മനസ്സിലാകുമോ?. പക്ഷേ കേരളയാത്രയെന്ന പേരില്‍ കേരളം മുഴുവന്‍ നീന്തിക്കയറിയപ്പോഴേക്കും ഒരു ചിറകൊടിഞ്ഞു. അരമനയിലും ആശ്രമങ്ങളിലും വരെ പോയി എല്ലാം ശരിയാക്കിയതായിരുന്നു. അടുത്ത മുഖ്യമന്ത്രിയാകുമ്പോള്‍ തീര്‍പ്പാക്കാമെന്നു പറഞ്ഞ്‌ കുറേ പരാതികളും എഴുതിവാങ്ങിയതാണ്‌. അപ്പോഴേക്കും വന്നു പഴയ ലാവ്ലിണ്റ്റെ പ്രേതം.

വളരെ കഷ്ടപ്പെട്ടാണ്‌ ഒരു മുഖ്യ മന്ത്രിക്കുപ്പായം തയ്പ്പിച്ചത്‌. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ഒരേ ഒരു തയ്യല്‍ക്കാരന്‍ വി എസ്‌ അച്യുതാനന്ദനാണ്‌. പുള്ളിക്ക്‌ ആ പണി നന്നായി അറിയാവുന്നതുകൊണ്ട്‌ സമയം വന്നപ്പോള്‍ പുള്ളി ഒരു മുഖ്യമന്ത്രിക്കുപ്പായം തയച്ചു, അത്‌ മാധ്യമങ്ങളും പൊതുജനങ്ങളും കൂടി അദ്ദേഹത്തെ ഇടുവിച്ചു. പൊതു ജനമല്ലേ പണ്ടേ കഴുതകളാണല്ലോ! മാധ്യമങ്ങളുടെ കാര്യം പിന്നെ പറയുകയും വേണ്ട. കമ്മ്യൂണിസം തകര്‍ക്കാനിറങ്ങിയ ബൂഷ്വാകള്‍.

പോളിറ്റ്‌ ബ്യൂറോവിലെ സ്പെഷ്യലിസ്റ്റുകളെയും തിരുവമ്പാടിയിലെ 'വൈദി' കരേയും കൊണ്ട്‌ ചികിത്സിച്ച്‌ ഒരു ചിറകിലെ വേദന അല്‍പം ഭേദമായി വരുന്നേയുള്ളായിരുന്നു. ഒറ്റച്ചിറകുകൊണ്ടാണെങ്കിലും ഒരു വിധം നീന്തിത്തുടങ്ങിയതാ, അപ്പോഴേക്കും മറ്റേച്ചിറകിന്‌ അടുത്ത അടി. ഇത്തവണ സാക്ഷാല്‍ നീതി പീഠത്തിണ്റ്റെ വക. 1998ലെ സര്‍ക്കാര്‍ ലാവ്ലിന്‍ കമ്പനിയുമായി ഒപ്പിട്ട കരാറില്‍ ഉന്നതരുടെ പങ്ക്‌ തള്ളിക്കളയാന്‍ പറ്റില്ലത്രേ. ആ ഭീമമായ അഴിമതിയില്‍ ചെറിയ മീനുകളേയെല്ലാം പ്രതിയാക്കി വലിയ മീനുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവത്രേ. കോടതിക്ക്‌ എന്താണ്‌ പറയാന്‍ വയ്യാത്തത്‌. നീതിന്യായവ്യവസ്ഥ അനുവദിക്കുമായിരുന്നെങ്കില്‍ ബൂഷ്വാ കോടതി എന്നു പറഞ്ഞ്‌ കെ ഇ എന്നിനെക്കൊണ്ടു നാലു ചീത്ത എഴുതിക്കാമായിരുന്നു.

അന്നത്തെ വൈദ്യുതി മന്ത്രിയായിപ്പോയതുകൊണ്ട്‌ മാധ്യമങ്ങള്‍ എന്തൊക്കെയാ തന്നെപ്പറ്റി പറഞ്ഞത്‌. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന്‌ പ്രതികരിക്കാതിരിക്കാന്‍ പറ്റുമോ? അതുകൊണ്ടാ വിധി വന്നയുടനെ പ്രതികരിച്ചത്‌. അല്ലാതെ താന്‍ വലിയ മീനായതുകൊണ്ടൊന്നുമല്ല. മുരിങ്ങൂരില്‍ നാലു പോലീസുകാരെ ചീത്തപറഞ്ഞതിനും കിട്ടി വേണ്ടപോലെ. വേറെ വല്ലവരുമായിരുന്നെങ്കില്‍ എപ്പോഴേ ഈ പണി മതിയാക്കി വീട്ടില്‍ പോയിരുന്നേനേ.

എന്തും സഹിക്കാം ഇത്രയൊക്കെ ചെയ്തിട്ടും തനിക്ക്‌ പണിയെടുക്കാന്‍ അറിയില്ലെന്നു പറയുന്നതിലാണ്‌ കഷ്ടം. ഭരണവും പാര്‍ട്ടിയും ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച്‌ അതിണ്റ്റെ മേല്‍ നോട്ടം തന്നെ ഏല്‍പ്പിച്ചതാണ്‌ കാരാട്ട്‌. പക്ഷേ അപ്പണി ചെയ്തില്ലെന്നാണ്‌ ഇപ്പോഴത്തെ പരിഭവം. എങ്ങനെ ചെയ്യാനാണ്‌. അഞ്ചിലൊരാള്‍ വി എസാണ്‌. അദ്ദേഹമൊന്ന്‌ തണ്റ്റെ മുഖത്തുനോക്കിയാലല്ലേ കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാന്‍ പറ്റൂ.

പിണറായി കേരളത്തില്‍ കമ്മ്യൂണിസത്തിന്‌ വിത്തു പാകിയ മണ്ണാണ്‌. പിണറായി ഉണ്ടായശേഷമാണ്‌. വി എസും കാരാട്ടുമൊക്കെ ഉണ്ടായത്‌. അത്‌ മനസ്സിലാക്കിയാല്‍ കൊള്ളാം. പിണറായിയില്‍ ജനിച്ച വിജയണ്റ്റെ ശക്തി മലപ്പുറം സമ്മേളനത്തോടെ മനസ്സിലാക്കിയതാണ്‌ എല്ലാവരും. രണ്ട്‌ ചിറകിനും ഇത്തിരി പരിക്കുണ്ടെന്നേ ഉള്ളൂ. പിണറായി പൂര്‍ണ്ണ ആരോഗ്യവാനാണ്‌. പിണറായി മാത്രമല്ല എല്ലാ കമ്മ്യൂണിസ്റ്റുകാരും പൂര്‍ണ്ണ ആരോഗ്യവാന്‍മാരാണ്‌. ലോകത്തില്‍ അല്‍പമെങ്കിലും ആരോഗ്യപ്രശ്നമുള്ള ഏക കമ്മ്യൂണിസ്റ്റുകാരന്‍ ഫിഡൈല്‍ കാസ്ട്രോ മാത്രമാണ്‌. ആര്‌ എന്തൊക്കെ പറഞ്ഞാലും പിണറായി പിണങ്ങാറായിട്ടൊന്നുമില്ല. അത്‌ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ മനസ്സിലാക്കിയാല്‍ നന്ന്‌.

4 comments:

paarppidam said...

അച്ചുമ്മാന്റെ കോര്‍ട്ടിലല്ല മാഷെ പന്ത്‌. അതു പിണറായി സഖാവിന്റെ കൈയ്യില്‍ തന്നെയാ. വെടക്കാക്കി തനിക്കാക്കുക എന്ന് മലബാറില്‍ ഒരു ചൊല്ലുണ്ട്‌.

ഇന്നത്തെ മനോരമയുടെ തലക്കെട്ട്‌ ഒന്ന് വായിക്ക്‌. പാര്‍ട്ടിയേക്കാള്‍ വലിയവരാണെന്ന് സ്വയം കരുതുന്നവര്‍ ജഡങ്ങളണെന്ന്.ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ഉന്നം വെച്ച്‌ ഉയര്‍ത്തിക്കൊണ്ടുവരുന്നവരെ പിന്നീട്‌ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ചരിത്രമുണ്ടെന്നും അദ്ധേഹം പറയുന്നു. ഉദാഹരണമായി രാഘവന്റേയും ഗൗരിയമ്മയുടേയും കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുമുണ്ട്‌. അപ്പോള്‍ അടുത്ത ഊഴം ആരുടെ എന്നതിനു ഇന്നിപ്പോള്‍മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും നിറഞ്ഞുനില്‍ക്കുന്നത്‌ ആരാണെന്ന് ചിന്തിച്ചാല്‍ കാര്യം മനസ്സിലാകില്ലെ സുഹൃത്തെ.

ജനങ്ങളെ സംബന്ധിച്ചേടത്തോളം ഇതു വിലക്കയറ്റത്തിന്റെയും ഭരണപരമായ കാര്യങ്ങള്‍ ഒഴുക്കോടെ നടക്കാത്തതിന്റെയും ഒരു സുവര്‍ണ്ണകാലമാണ്‌. വിഴുപ്പലക്കല്‍ കോണ്‍ഗ്രസ്സില്‍ പരമാവധി ആയപ്പോഴാണ്‌ ഒന്ന് മാറ്റിക്കുത്തിയത്‌. പിടിച്ചതിനേക്കാളും വലുത്‌ അളയില്‍ എന്നു പറഞ്ഞപോലെയായി!

എല്ലാ രംഗത്തും (വിദ്യാഭ്യാസം, ഭക്ഷ്യം, കൃഷി, ധനകാര്യം, വ്യവസായം) പൂര്‍ണ്ണപരാജയം.സര്‍ക്കര്‍ വക്കെലന്മാരും അതുകൂടാതെ വന്‍ തുകകൊടുത്തുകൊണ്ടുവരുന്നവര്‍പോലും കോടതിയുടെ പരിസരത്തുക്കൂടെ പോയാല്‍ മതി കേസ്‌ തോല്‍ക്കും.

padmanabhan namboodiri said...

പിണറായി ഉണ്ടായ ശേഷമേ വി.എസ് ഉണ്ടാവുകയുള്ളൂ. അതു ലോകനീതി

Anonymous said...

കേരള മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ ജാനാധിപത്യ പ്രക്രിയക്ക്‌ ഉള്ളില്‍ നിന്ന് കൊണ്ട്‌ കേരളത്തിന്ന് ഉപകാരപ്രദമായി പലതും ചെയ്യുന്നുണ്ട്‌. എന്നാല്‍ അദ്ദേഹം ചെയ്യുന്നതിനൊക്കെ എതിരായി വന്‍ പ്രചരണം നടത്താന്‍ ചിലര്‍ ഈ ബ്ലോഗിലൂടെ ശ്രമിക്കുന്നുണ്ട്‌. അതുകൊണ്ടുത്തന്നെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത്‌ കൊണ്ടുവരാന്‍ അച്ചുതാനന്ദനെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മ അനിവാര്യമായി തീര്‍ന്നിരിക്കുന്നു.അതായത്‌ കേരളത്തില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമനപരമായ പ്രവര്‍ത്തികള്‍ക്ക്‌ അനുകൂലമായും, അഴിമതിക്കും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായും, സാധാരണക്കാര്‍ക്കും കഷ്‌ടപ്പെടുന്നവര്‍ക്കും സഹായകരമായി ചിന്തിക്കുന്ന സന്മനസ്സുള്ളവരുടെ കൂട്ടായ്മ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.ഇതിന്നുവേണ്ടി ആരെങ്കിലും മുന്‍കയ്യെടുക്കേണ്ടിയിരിക്കുന്നു

Unknown said...

Mr Anil,

VS is demolishing kerala's future. he is going to make kerala like cuba. i just cant understand what is he doing to poor man? his idea is to get loot money from NRI and distribute to party members in kerala. nothing else!

only fools will invest in kerala with your ideologies. Even in china they promote privatised colleages. here great VS is getting bribes from Tamil/Karnataka lobbies and stopping education for the people.

if you dont start private colleages, the same poor keralites will go to other states and pay 3 times more and study and get jobs in other countries . then they become NRI and send money to great VS and PARTY.....

O KERALITES... WILL YOU OPEN YOUR EYES?