Monday, September 04, 2006

കരു മുരു കോണ്‍ഗ്രസ്‌...

കോട്ടയത്തും കോഴികൂവിയാല്‍ കേള്‍ക്കുന്ന ചുറ്റുവട്ടത്തുമുള്ളവര്‍ അങ്ങനെയാണ്‌, സ്നേഹിച്ചാല്‍ അപ്പനപ്പൂപ്പന്മാരായി സമ്പാദിച്ചിട്ട റബ്ബര്‍തോട്ടങ്ങള്‍ മുഴുവന്‍ എഴുതിതന്നെന്നിരിക്കും, മറിച്ചായാലോ...അതാണ്‌ കരു മുരു കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു പുരുഷായുസ്സുമുഴുവനും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചയാളാണ്‌ ശ്രീമാന്‍ കെ കരുണാകരന്‍. ഒരു കാലത്ത്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ എന്നാല്‍ കെ കരുണാകരനായിരുന്നു. മുന്നോട്ടും പിന്നോട്ടും നോക്കാത്ത കോണ്‍ഗ്രസുകാരെ ചരിത്രവും പൗരധര്‍മവും പഠിപ്പിച്ച്‌ മടുത്ത്‌ അവസാനം സ്വന്തമായി തുടങ്ങിയ പ്രസ്ഥാനമാണ്‌ ഡമോക്രാറ്റിക്ക്‌ ഇന്ദിരാ കോണ്‍ഗ്രസ്‌ എന്ന കരു മുരു കോണ്‍ഗ്രസ്‌. വഴിപിഴച്ചുപോയ മകനും മകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ എന്തെങ്കിലും സമ്പാദിച്ചുവെക്കാന്‍ മറന്നുപോയ ഒരഛന്റെ എളിയ സമ്മാനം.

കോഴിക്കോട്ട്‌ ലീഗുകാര്‍ക്കൊപ്പംനിന്ന്‌ പയറ്റുപഠിച്ച മുരളീധരനും അടുക്കളപ്പുറത്തിരുന്ന്‌ പാര്‍ട്ടിക്കാര്‍ക്ക്‌ വെച്ചുവിളമ്പി നല്ല പരിചയമുള്ള പത്മജക്കും പാര്‍ട്ടി മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട ത്രാണിയുണ്ടെന്ന്‌ കാലം തെളിയിച്ചതാണ്‌. രാമനിലയത്തിലും ജവഹര്‍നഗറിലും ചുറ്റിപ്പറ്റിനടന്ന തുല്യദുഖിതനായ ടി എം ജേക്കബ്ബും വാല്യക്കാരന്‍ ജോണി നെല്ലൂരും കുടി പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ മുരളി ഒന്നാം നമ്പര്‍ സ്റ്റേറ്റുകാര്‍ സ്വപ്നം കണ്ടതില്‍ എന്താണ്‌ തെറ്റ്‌. രാഷ്ട്രീയത്തില്‍ എന്തും ചെയ്യാനുള്ള ചങ്കുറപ്പും, നേടി മാത്രം ശീലവുമുള്ള കരുണാകരന്റെ പുത്രന്‌ അങ്ങനെ ആഗ്രഹിച്ചുകൂടെ. ഇടതുപക്ഷം നെറികേടുകാണിക്കുമെന്ന്‌ പലതവണ ജേക്കബ്ബ്‌ കരുണാകരന്റെ ചെവിയിലോതിയതാണ്‌. അതൊന്നും കേള്‍ക്കാതെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ജന്മശത്രുവായ ഇടതിനൊപ്പം മത്സരിച്ചു. മുങ്ങിയതല്ലേ കുളിച്ചുകയറുന്നതല്ലേ അതിന്റേയൊരു ശരിയെന്നു കരുതി ജേക്കബ്ബ്‌ അന്നൊന്നും മിണ്ടിയില്ല. പക്ഷേ അണ്ടിയോടടുത്തപ്പഴല്ലേ സി പി എമ്മിന്റെ പുളിയറിഞ്ഞത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെറികെട്ട സി പി ഐക്കാര്‍ പാരപണിതു. പിന്നെ ഇടതിനും വേണ്ട വലതിനും വേണ്ടാതെ കുറച്ചുകാലം. എന്നിട്ടും ജേക്കബ്ബ്‌ സഹിച്ചു. കോണ്‍ഗ്രസ്സില്‍ ലയിക്കാമെന്നും ഇല്ലെന്നും, പീന്നീടാവട്ടെ തെരഞ്ഞെടുപ്പു തിരക്കു കഴിഞ്ഞ്‌ കോവളം ഹോട്ടലില്‍ ചായകുടിച്ച്‌ തീരുമാനിക്കാമെന്നുമൊക്കെ പറഞ്ഞ്‌ ആളെ തെറ്റിദ്ധരിപ്പിച്ച്‌ അവസാനം യൂഡിഎഫിനൊപ്പം അള്ളിപ്പിടിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഫലമോ തോല്‍വിയുടെ സുഖം അധികമൊന്നുമറിഞ്ഞിട്ടില്ലാത്ത ജേക്കബ്ബിനും കൂട്ടര്‍ക്കും മാത്രമല്ല ഒന്നൊഴികെ ഡി ഐ സിക്കാര്‍ക്കെല്ലാം കണക്കിനുകിട്ടി. തെരഞ്ഞെടുപ്പിനുശേഷം ലീഡറും മകനും കുടുംബവും കാശിക്കുപോയോ അതോ അവധിക്കാലമാസ്വദിക്കാന്‍ വിദേശത്തെവിടെയെങ്കിലും പോയോ എന്ന്‌ ജനങ്ങളുമന്വേഷിച്ചില്ല പത്രക്കാര്‍ അവരെ തിരക്കിനടന്നതുമില്ല. ടീവിയിലും പത്രത്തിലും തലപ്പടമെങ്കിലും വരാതെ ഇക്കാലത്ത്‌ ഒരു രാഷ്ട്രീയക്കാരനെങ്ങനെ ജീവിക്കും...നാടുമുഴുവന്‍ ഡി ഐ സി വിട്ട്‌ മാതൃസംഘടനയില്‍ ചേരുന്നവരുടെ എണ്ണം കൂടികൂടിവരുന്നുവെന്ന്‌ പത്രങ്ങള്‍ പറഞ്ഞു പരത്തി....പഴയ കേരളാ കോണ്‍ഗ്രസുകാരാണെങ്കിലും ജേക്കബ്ബും ജോണിയും കൂട്ടരും എന്തേ മനുഷ്യരല്ലേ....പല്ലുകൊഴിഞ്ഞ്‌ വയസ്സായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ എങ്ങനെയാണ്‌ അധികകാലം പിടിച്ചു നില്‍ക്കുക. സ്വന്തം കാര്യം നോക്കിയില്ലെങ്കിലും വീട്ടുകാരുടേയും കൂട്ടുകാരുടേയും കാര്യമെങ്കിലും നോക്കണ്ടെ...അങ്ങനെ അണികളും നേതാക്കന്മാരും കൊഴിഞ്ഞുതുടങ്ങിയപ്പോളാണ്‌ ചരല്‍ക്കുന്നില്‍ വച്ച്‌ എല്ലാരെയും വിളിച്ചുകുട്ടി തേയിലസല്‍ക്കാരം നടത്താമെന്ന്‌ ലീഡര്‍ തീരുമാനിച്ചത്‌. എ കെ ജി സെന്ററിനും ഇന്ദിരാഭവനും ഒത്തനടുക്ക്‌ നിന്ന്‌ പാര്‍ട്ടി പ്രവര്‍ത്തനം നടത്താമെന്നും വാര്‍ഡുതലത്തില്‍ വരെ ഇടക്കിടെ ചായ സല്‍ക്കാരങ്ങള്‍ നടത്താമെന്നുമൊക്കെ തട്ടിവിട്ട്‌ കുന്നിറങ്ങുന്നതിനു മുമ്പേതന്നെ ലീഡറും മകനും തനിനിറം കാണിച്ചു.

രാഷ്ട്രീയമാകുമ്പോള്‍ ചില വിട്ടു വീഴ്ചകളൊക്കെ ചെയ്യേണ്ടി വരും. പഴയ കേരളാകോണ്‍ഗ്രസ്സുകാര്‍ക്കുണ്ടോ ഇതു മനസ്സിലാകുന്നു. എറണാകുളം ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള സ്ഥാനാര്‍ഥിയെ കൂത്താട്ടുകുളം ഉപതിരഞ്ഞെടുപ്പില്‍ പിന്താങ്ങാനുള്ള ഡി ഐ സിയുടെ തീരുമാനമാണ്‌ പ്രശ്നമായത്‌. സമദുരമെന്ന സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കണമെന്ന്‌ ജോണിനെല്ലൂര്‍ നേരിട്ടും ജേക്കബ്ബ്‌ അല്ലാതെയും പറഞ്ഞു. മുരളിയുണ്ടോ വിട്ടുകൊടുക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസും ബഹളവും... അതിനിടെ ജോണി ഡി ഐ സിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന്‌ തുറന്നു പറഞ്ഞുവെന്നാണ്‌ കേള്‍വി, ജേക്കബ്ബ്‌ നേരിട്ടു പറഞ്ഞില്ലെങ്കിലും ഇന്ദിരാഭവനില്‍ ചെന്ന്‌ എന്തൊക്കെയോ പറഞ്ഞെന്നാണ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു പരത്തുന്നത്‌. എന്തായാലും ജോണിയെന്തോ മുന്നില്‍ കണ്ടാണിറങ്ങിയതെന്നാണ്‌ തലമൂത്ത രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. കഴിഞ്ഞദിവസം ശരദ്പവാറിനെ കണ്ട മുരളിയും എന്തൊക്കെയോ കണക്കുകൂട്ടിയിറങ്ങിയ മട്ടാണ്‌. കേരളത്തില്‍ ഇടത്തോട്ടും കേന്ദ്രത്തില്‍ വലത്തോട്ടും ചായാനുള്ള നീക്കമാണ്‌ മുരളിക്കെന്ന്‌ പലരും പറയുന്നു.അസൂയക്കാര്‍ അങ്ങനെ പലതും പറയും.....എന്തൊക്കെയായാലും കരു മുരു കോണ്‍ഗ്രസ്സില്‍ ജേക്കബ്ബ്‌ ജോണി കൂട്ടുകെട്ടിന്റെ ഭാവി കാത്തിനുന്നുതന്നെ കാണണം...

നാല്‍പ്പത്തഞ്ചുഡിഗ്രിയില്‍ ....

ദാ വീണ്ടും വിവാദം. വിഷയം പഴയതുപോലെ പെണ്ണുകേസുതന്നെ...ചെന്നൈയില്‍ നിന്നും ഏതോ മദ്യക്കമ്പനിയുടെ വിമാനം ലൈറ്റണച്ച്‌ സ്റ്റാര്‍ട്ടുചെയ്യുന്ന സമയം നോക്കി ഒരു മുന്‍ വാര്‍ത്താവായനക്കാരിയെ ആരോ തട്ടീന്നോ മുട്ടീന്നോ ഒക്കെയാണ്‌ ചാനലുകള്‍ പറഞ്ഞുപരത്തുന്നത്‌.

അന്ന്‌ ഒരു മൂന്നാം തിയ്യതി വ്യാഴായ്ചയായിരുന്നു. വ്യാഴാഴ്ച പ്രശ്നമുണ്ടാക്കാന്‍ പറ്റിയ ദിവസമല്ല. അതുകൊണ്ടായിരിക്കണം അവര്‍ ഒരു വെള്ളക്കടലാസില്‍ പരാതിയെഴുതി പെയിലറ്റിനെ ഏല്‍പ്പിച്ച്‌ മുങ്ങിയത്‌. പിന്നീട്‌ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരാണോ എന്നറിയില്ല ഏതോ ഒരു പണിക്കര്‍ പറഞ്ഞതനുസരിച്ച്‌ ഇരുപത്തിയൊന്നാം തിയ്യതി തിങ്കളാഴ്ച നല്ലദിവസം നോക്കി പത്രക്കാരെയെല്ലാം വിളിച്ചുകൂട്ടി കാര്യം പറഞ്ഞത്‌. എട്ടുദിവസം ഇക്കാര്യം എങ്ങനേയാണ്‌ വാര്‍ത്താവായനക്കാരിയമ്മ മനസിന്റെ മതിലുചാടാതെ കാത്തുസൂക്ഷിച്ചതെന്ന്‌ ഭര്‍ത്താവദ്ദേഹത്തിനു മാത്രമേ അറിയൂ.

പ്രതി ആളൊരു വി ഐ പിയാണ്‌,രാഷ്ട്രീയക്കാരനാണ്‌, ജോലിയിലുണ്ട്‌ കൂലിയിലില്ല, സമൂഹത്തിലുണ്ട്‌ ചാനലില്ല,ഫ്ലാറ്റിലുണ്ട്‌ ഷോപ്പിംഗ്‌ കോംപ്ലക്സിലില്ല, എന്നെക്കൊന്നാലും അത്‌ പി ജെ ജോസഫാണെന്ന്‌ പറയില്ല എന്നൊക്കെയാണ്‌ ഭര്‍ത്താവങ്ങൂന്ന്‌ തട്ടിവിട്ടത്‌. പി ജെ ജോസഫ്‌ രാഷ്ട്രീത്തിലിറങ്ങുന്നതിനുമുമ്പേ വാര്‍ത്താവായനക്കാരിയമ്മ ചാനലിലെ പണി നിര്‍ത്തിയതുകൊണ്ടായിരിക്കണം അദ്ദേഹത്തെ അറിഞ്ഞില്ലത്രേ..അയാള്‍ പത്രംകൊണ്ട്‌ മുഖം മറച്ചിരുന്നു...സഹയാത്രക്കാരിയാണ്‌ ആളാരാണെന്നു പറഞ്ഞുതന്നത്‌ എന്നൊക്കെ വച്ചു കാച്ചി.

എന്തൊക്കെയായാലും പത്രക്കാരുടെ സമയം തന്നെ. വിവാദം പുകയുമ്പോള്‍ രാഷ്ട്രീയക്കാര്‍ സ്ഥിരമായി റഫര്‍ ചെയ്യുന്ന ഡിക്ഷ്ണറിയിലെ വാക്കുകളുടെ സ്റ്റോക്ക്‌ തീര്‍ന്നതുകൊണ്ടാകണം ജോസഫ്‌ സംഭവം വ്യക്തമായി കാര്യകാരണസഹിതം വിവരിച്ചുകളയാമെന്ന്‌ വച്ചത്‌. വിമാനത്തില്‍ 45 ഡിഗ്രിയില്‍ കിടക്കുമ്പോള്‍ അറിയാതെ തട്ടിപ്പോയതായിരിക്കാം...യ്യേ..ച്ചീച്ചി..തുടര്‍ന്നുപറയാതിരുന്നത്‌ പാവം നിഷ്കളങ്കരായ മലയാളികളുടെ മുജ്ജന്മസുകൃതം.

എന്തൊക്കെയായാലും പി ജെ ജോസഫിന്റെ സമയം...മൈത്രിയില്‍ നിന്നും കരകയറി നാട്ടുകാരോട്‌ പാട്ടും കൂത്തുമായി മൈത്രിയിലായി വരുന്നതേയുള്ളൂ..അപ്പോഴേക്കും അടുത്ത വെടി..തട്ടിപ്പോയത്‌ ഒരു അമ്മൂമ്മയേയല്ലേ വിട്ടുകള എന്നുപറഞ്ഞ്‌ കൂടെക്കൂടിയത്‌ നിഷ്കളങ്കനും നിരായുധനുമായ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ മാത്രം..മാനം പോയില്ലേ ഇനി ജോസഫിന്‌ കടാപ്പുറത്തുകൂടി പാട്ടുപാടി ചങ്കുപൊട്ടി മരിക്കാം.

കാക്കത്തൊള്ളായിരം വര്‍ഷംമുമ്പാണ്‌ ...അന്ന വെള്ളപ്പെയിന്റടിച്ച ആ പഴയ സെക്രട്ടേറിയറ്റ്‌ കെട്ടിടത്തിലിരുന്ന്‌ ബോറടിച്ചപ്പോള്‍ കാറ്റുകൊള്ളാനിറങ്ങിയ ഒരു മന്ത്രിപുംഗവന്‍ ഏതോ ഒരു സ്ത്രീക്ക്‌ ലിഫ്റ്റ്‌ കൊടുത്തിന്റെ പേരില്‍ പുലിവാലുപിടിച്ച്‌ രാജിവെക്കേണ്ടിവന്നത്‌ ചരിത്രം. വര്‍ഷങ്ങള്‍ക്കുശേഷം ശീതീകരിച്ച മുറിക്കകത്തിരുന്ന മറ്റൊരു വിനീതനായ മന്ത്രി കോയിക്കോട്ട്‌ ഐസ്ക്രീം നുണയാന്‍ പോയതും നമ്മള്‍ മഞ്ഞചേര്‍ത്തും അല്ലാതെയുമൊക്കെ വായിച്ചു രസിച്ചതാണ്‌. അതിവേഗത്തിലോടുന്ന അമൃതാ എക്സ്പ്രസില്‍ മുന്‍ മുഖ്യന്റെ ക്യാബിനില്‍ നീളമുള്ള തലമുടി കണ്ടൂന്നുപറഞ്ഞ്‌ ബഹളം വെച്ചെങ്കിലും ബഹളം വെച്ചവര്‍തന്നെ പിന്നീട്‌ ചമ്മി.

അങ്ങനെ എന്തൊക്കെ കഴിഞ്ഞു, എന്തൊക്കെ വരാനിരിക്കുന്നു....എന്തുചെയ്യാം ഇതൊക്കെ അനുഭവിക്കാന്‍ നമുക്ക്‌ രണ്ട്‌ കണ്ണും രണ്ടു കാതും മാത്രമല്ലേയുള്ളൂ..ഇനിവേണമെങ്കില്‍ മൂക്കും പൊത്താം..നാറ്റം അസഹനീയമായിത്തുടങ്ങിയിരിക്കുന്നു.